നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ എൽഡിഎഫിനെതിരെ പോസ്റ്ററുമായി യുഡിഎഫ് രംഗത്ത്. ശബരിമല, സ്വർണക്കടത്ത്, കസ്റ്റഡി മരണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കുന്ന പോസ്റ്ററിൽ, എൽഡിഎഫിന്റെ 'മറ്റാരുണ്ട്' എന്ന പ്രചാരണ വാചകത്തെയാണ് കടന്നാക്രമിക്കുന്നത്. ഇന്ന് കൊട്ടിക്കലാശത്തോടെ പ്രചാരണത്തിന് അവസാനമാകുമ്പോൾ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണം അവസാന ലാപ്പിലേക്കടുക്കുമ്പോൾ എൽഡിഎഫിനെതിരെ പോസ്റ്റർ പുറത്തിറക്കി യുഡിഎഫ്. എൽഡിഎഫിന്റെ പ്രചാരണ വാചകമായിരുന്ന ‘മറ്റാരുണ്ട്’ എന്ന വാക്കിനെ മുൻനിർത്തിയാണ് യുഡിഎഫിന്റെ പുതിയ പോസ്റ്റർ. ആരോഗ്യ മേഖലയിലെ വീഴ്ച്ചകൾ, ശബരിമല സ്വർണക്കൊള്ള കേസ്, ആശമാരുടെ പ്രതിഷേധം, കസ്റ്റഡി മരണങ്ങൾ തുടങ്ങിയവ സർക്കാരിനെതിരെയുള്ള ആയുധങ്ങളായി പ്രയോഗിക്കുകയാണ് പ്രതിപക്ഷം. കേരളത്തിലെ മയക്കുമരുന്ന് ഉപഭോഗം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ലാവ്ലിൻ കേസ്, സിഎംആർഎൽ അഴിമതി തുടങ്ങിയ വിഷയങ്ങളും പോസ്റ്ററിൽ പരാമർശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പല അവസരങ്ങളിൽ പറഞ്ഞ ‘കടക്ക് പുറത്ത്’, ‘അമ്മാതിരി കമന്റ് വേണ്ട’ തുടങ്ങിയ വാചകങ്ങളും പോസ്റ്ററിൽ നൽകിയിരിക്കുന്നു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കേരള സന്ദർശനത്തെയും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാകും. മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണ കോലാഹലത്തിനാണ് ഇന്ന് ക്ലൈമാക്സ് ഒരുങ്ങുന്നത്. ഓരോ മണ്ഡലത്തിന്‍റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയ‍ർത്താൻ സ്ഥാനാർത്ഥികളും നേതാക്കളും അണികളും എത്തും. ദേശീയ നേതാക്കൾ അവസാന നിമിഷം വരെ കേരളത്തിൽ നടത്തിയ പടയോട്ടമായിരുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.