യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ  1970 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിൽ ആദ്യമായി ജനവിധി തേടിയത്

തിരുവനന്തപുരം: അരനൂറ്റാണ്ടിന് ശേഷം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ പുതിയൊരാൾ എത്തും. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതിയ ആളെ തെരഞ്ഞെടുക്കേണ്ട അവസ്ഥയിലേക്ക് പുതുപ്പള്ളി ജനത എത്തിയത്. ജനനായകൻ ഉമ്മൻ ചാണ്ടിയുടെ സ്വന്തം മണ്ഡലത്തിൽ പകരക്കാരനായി ആരെയാകും പുതുപ്പള്ളി ജനത തെരഞ്ഞെടുക്കുകയെന്നത് കണ്ടറിയണം. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താൻ വേണ്ടിയുള്ള നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നുകഴിഞ്ഞു. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ വിജ്ഞാപനം ഇറക്കി. ഇനി തെരഞ്ഞെടുപ്പ് കമ്മീഷനടക്കം കൂടുതൽ നടപടികളിലേക്ക് കടക്കുന്നതോടെ പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

റോഡിലെ കുഴി വിവാദമൊന്നും ബാധിച്ചില്ല, അവാർഡുകൾ വാരിക്കൂട്ടി 'ന്നാ താൻ കേസ് കൊട്', മൊത്തം 7 പുരസ്‍കാരങ്ങള്‍

പുതുപ്പള്ളി ചര്‍ച്ച ചെയ്ത് സിപിഎം; ഉപതിരഞ്ഞെടിപ്പ് ഒരുക്കം തുടങ്ങാൻ ധാരണ

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് വിലയിരുത്തി സി പി എം ഉപ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ മുന്നില്‍ കണ്ട് ഒരുക്കം തുടങ്ങാൻ സി പി എം സെക്രട്ടേറിയറ്റി ധാരണയായിട്ടുണ്ട്. പി ബി, സി സി യോഗങ്ങൾക്ക് ശേഷം ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് ധാരണ. രാജസ്ഥാൻ മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകൾ ഒക്ടോബറിൽ ഉണ്ടാകുമെന്നും ഈ കൂട്ടത്തിൽ ഉപ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നുമാണ് സി പി എമ്മിന്‍റെ വിലയിരുത്തൽ.

1970 മുതല്‍ ഇന്നേവരെ ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സമാജികനായിരുന്ന നേതാവെന്ന റെക്കോർഡ് ഉമ്മന്‍ചാണ്ടിക്ക് സമ്മാനിച്ചതിന്‍റെ ഖ്യാതിയും പുതുപ്പള്ളി ജനതക്ക് സ്വന്തമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ 1970 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിൽ ആദ്യമായി ജനവിധി തേടിയത്. നിറഞ്ഞ സ്നേഹത്തോടെ ഉമ്മൻ ചാണ്ടിയെ ഏറ്റെടുത്ത പുതുപ്പള്ളി ജനത ആ സ്നേഹം നീണ്ട 53 വര്‍ഷവും അണമുറിയാതെ നൽകി. ജന മനസില്‍ അലിഞ്ഞ് ചേർന്ന് ഉമ്മന്‍ ചാണ്ടി വിടവാങ്ങിയപ്പോൾ ആരാവും പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തുകയെന്ന കാത്തിരിപ്പാണ് ഇനി.