കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പിന്നിലായത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. സിപിഎമ്മിന്‍റെ ഉറച്ച കോട്ടയിൽ മുഖ്യമന്ത്രിയെ വിറപ്പിച്ചത് യുഡിഎഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് നേതാവുമായ അഡ്വ. വി പി അബ്ദുൽ റഷീദാണ്.  

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന ആദ്യ മണിക്കൂറുകളിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചത് യുഡിഎഫിന്‍റെ വമ്പൻ മുന്നേറ്റത്തേക്കാളേറെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിലാണെന്ന കണക്കുകളായിരുന്നു. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ മുതല്‍ പിണറായി വിജയന്‍ പിന്നിലായിരുന്നു. പത്ത് വർഷം കേരളം ഭരിച്ച മുഖ്യമന്ത്രി, ഭരണത്തുടർച്ച സാധ്യമാക്കിയതിൽ ഇടതുപക്ഷത്തെ നയിച്ച ക്യാപ്റ്റൻ... ധർമ്മടത്ത് ആറ് റൗണ്ട് വോട്ടുകള്‍ എണ്ണിയപ്പോഴും പിന്നിലായിരുന്നു എന്നതാണ് ഈ വോട്ടെണ്ണൽ ദിനത്തിലെ വലിയ സർപ്രൈസ്. മുഖ്യമന്ത്രി മത്സരിച്ച മണ്ഡലമെന്നതിന് അപ്പുറം സിപിഎമ്മിന്‍റെ ഇളകാത്ത കോട്ട കൂടിയാണ് ധർമ്മടം. ഇങ്ങനെയൊരു ഷുവർ സീറ്റിലാണ് ഏതാനും മണിക്കൂർ നേരത്തേക്ക് ആണെങ്കില്‍ പോലും യുഡിഎഫ് സ്ഥാനാർത്ഥി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി പി അബ്ദുൽ റഷീദ് ക്യാപ്റ്റനെയും ഇടതുപക്ഷത്തെയും വിറപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ വി പി അബ്ദുൽ റഷീദിനെ അടുത്തറിയാവുന്ന കോൺഗ്രസുകാര്‍ക്ക് അറിയാം അദ്ദേഹം നിസ്സാരക്കാരനല്ലെന്ന്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം മുൻപത്തെക്കാൾ പുകുതിയോളം കുറച്ചത് അബ്ദുൾ റഷീദായിരുന്നു. എൽഡിഎഫ് കുത്തക സീറ്റീൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയായിരുന്നു ആ നേട്ടമെന്നതാണ് ഏറ്റവും ശ്രദ്ധേയം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിസിസി അംഗവുമാണ് അഡ്വ. വി പി അബ്‌ദുള്‍ റഷീദ്. തളിപ്പറമ്പ് നിയോജന മണ്ഡലത്തില്‍ 2021 തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അബ്‌ദുള്‍ റഷീദ് തന്നെയാവും ഇത്തവണയും തളിപ്പറമ്പില്‍ എന്നായിരുന്നു ആദ്യ കണക്കുകൂട്ടല്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു റഷീദ്. എന്നാല്‍, പി കെ ശ്യാമള ടീച്ചറെ സ്ഥാനാര്‍ഥിയാക്കിയത് ചോദ്യം ചെയ്‌ത് മുതിര്‍ന്ന നേതാവ് ടി കെ ഗോവിന്ദന്‍ സിപിഎമ്മുമായി അകന്നതോടെ തളിപ്പറമ്പില്‍ ടി കെയെ പിന്തുണയ്‌ക്കാം എന്ന് തീരുമാനിക്കുകയായിരുന്നു യുഡിഎഫ്. ഇതോടെയാണ് അപ്രതീക്ഷിതമായി തളിപ്പറമ്പ് വിട്ട് വി പി അബ്‌ദുള്‍ റഷീദ് സ്ഥാനാര്‍ഥിയായി ധര്‍മ്മടത്തേക്ക് വണ്ടികയറിയത്. ധര്‍മ്മടത്ത് അജയ്യനായ പിണറായി വിജയനെ നേരിടുക എന്ന വെല്ലുവിളിയാണ് പാര്‍ട്ടിയും മുന്നണിയും വി പി അബ്‌ദുള്‍ റഷീദിന് നല്‍കിയത്.