പത്ത് വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കുമോ അതോ കെ എൻ ബാലഗോപാലിനെ പരിഗണിക്കുമോ എന്നാണ് അറിയാനുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നിർണായകമാകും.

തിരുവനന്തപുരം: നിയമസഭയിൽ ആരാകും പ്രതിപക്ഷ നേതാവാകുക എന്നതും അറിയാനിരിക്കുന്നു. 10 വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കുമോ എന്നാണ് അറിയാനുള്ളത്. തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ശേഷം ഈ സ്ഥാനം ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി താത്പര്യക്കുറവ് അറിയിച്ചാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. പിണറായി ഇല്ലെങ്കിൽ കെ എൻ ബാലഗോപാലിനെ ആവും പ്രതിപക്ഷ നേതാവായി പരിഗണിക്കുക.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടാവുക. പിണറായി നാളെ തലസ്ഥാനത്ത് എത്തിയേക്കും. തോൽവിയുടെ ഞെട്ടലിലാണ് സിപിഎം നേതാക്കൾ എന്നതിനാൽ കാര്യമായ കൂടിയാലോചനകൾ നടന്നിട്ടില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനകാര്യ മന്ത്രിയുമായിരുന്ന കെ എൻ ബാലഗോപാലിനെ പരിഗണിക്കുമോ അതോ ആദ്യത്തെ ഒന്നോ രണ്ടോ വർഷം പിണറായി തന്നെ ആ സ്ഥാനം ഏറ്റെടുത്ത ശേഷം ഒഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്. ഭരണപക്ഷ നിലയിൽ വൻ സംഖ്യ അപ്പുറത്തുള്ളപ്പോൾ പ്രതിപക്ഷത്തെ നയിക്കേണ്ടത് കരുത്തനായ നേതാവാണെന്ന ചർച്ചക്കൊടുവിൽ പിണറായി തന്നെ പ്രതിപക്ഷ നേതാവാകാൻ സാധ്യതയുണ്ട്.

മുഖ്യമന്ത്രി പദത്തിനായി നീക്കങ്ങളുമായി നേതാക്കൾ

അതിനിടെ കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് വി ഡി സതീശൻ വിഭാഗത്തിന്റെ നിലപാട്. ഘടക കക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് സതീശൻ പ്രാധാന്യം നൽകുന്നത്. പദവി ലഭിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ടീം യുഡിഎഫിന്റെ നായകനെ എങ്ങനെ മാറ്റിനിർത്തും എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനെല്ലാം പുറമെ, സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗവും വാദിക്കുന്നു.

YouTube video player