വി.ഡി. സതീശൻ മന്ത്രിസഭ രൂപീകരണത്തിനായുള്ള അനൗപചാരിക ചർച്ചകൾക്ക് യുഡിഎഫിൽ തുടക്കമായി. മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനം പ്രതീക്ഷിക്കുമ്പോൾ, കേരള കോൺഗ്രസ് രണ്ട് സ്ഥാനങ്ങൾക്കായി സമ്മർദ്ദം ചെലുത്തുന്നു. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുല കോൺഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഘടകകക്ഷികളുമായുള്ള അന്തിമ ധാരണയായിട്ടില്ല.
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ ആരൊക്കെ മന്ത്രിമാരാകും എന്നതിൽ ആകാംക്ഷ. ഔപചാരിക ചർച്ചകൾക്ക് ഇന്ന് തുടക്കം. യുഡിഎഫ് യോഗം തിരുവനന്തപുരത്ത്. കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി ലഭിക്കാത്ത സാഹചര്യത്തിൽ ക്യാബിനറ്റിൽ പിടിമുറുക്കാൻ കെ.സി പക്ഷം ശ്രമിക്കും. അതേസമയം, അഞ്ച് മന്ത്രിമാർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. രണ്ട് മന്ത്രി സ്ഥാനത്തിനായി സമ്മർദ്ദവുമായി കേരള കോൺഗ്രസും രംഗത്തുണ്ട്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. കോണ്‍ഗ്രസിന് മുഖ്യമന്ത്രി അടക്കം 13 പദവികൾ എന്നാണ് നിലവിലെ ധാരണ. ഫോർമുല അനുസരിച്ച് നാല് മന്ത്രി സ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പോ ആവും ലീഗിന് ലഭിക്കുക. ലീഗിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി മന്ത്രി സ്ഥാനം ഉറപ്പിച്ചു.

മൂന്ന് തവണ എംഎൽഎ ആയ പി കെ ബഷീർ സാധ്യതാ പട്ടികയിലുണ്ട്. കെ എം ഷാജിയെ ആണ് മൂന്നാമതായി പരിഗണിക്കുന്നത്. യുവ മുഖം എന്ന നിലയിൽ എൻ ഷംസുദ്ദീനും സാധ്യതാ പട്ടികയിലുണ്ട്. പാലക്കാട് നിന്ന് ഒരു മന്ത്രി വേണം എന്ന ചർച്ചയും ഷംസുദ്ദീനെ പരിഗണിക്കാൻ കാരണമാണ്. അഞ്ചാമതൊരു മന്ത്രി സ്ഥാനം ലഭിച്ചാൽ ആരെ പരിഗണിക്കണമെന്ന ചർച്ച നടക്കുകയാണ്. മറ്റു ജില്ലകൾക്കും പരിഗണന നൽകണം എന്നതിനാൽ കാസർകോട് നിന്നുള്ള എ കെ എം അഷ്റഫ് പരിഗണനയിലുണ്ട്. കോഴിക്കോട് നിന്നുള്ള എംഎൽഎമാരിൽ ഒരാൾക്ക് മന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരിൽ ആര് വേണമെന്നതിൽ തർക്കമുണ്ട്.
ഏഴ് സീറ്റുകളിൽ ജയിച്ച ജോസഫ് വിഭാഗം രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നുണ്ട്. ഒരെണ്ണം മാത്രമേ നൽകൂ എന്നാണ് സൂചന. ആർഎസ്പി ഒരു മന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. സിപി ജോണ്‍, ജേക്കബ്ബ് വിഭാഗം, ആർഎംപി, സിപിഎം വിട്ടെത്തിയ ജി സുധാകരൻ അടക്കമുള്ളവർ എന്നിവരെയെല്ലാം എങ്ങനെ ഉൾക്കൊള്ളും എങ്ങനെ മന്ത്രിസ്ഥാനം വീതിക്കും എന്നതിൽ ആശയക്കുഴപ്പമുണ്ട്. മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് ഉഭയകക്ഷി ചർച്ച ഇതുവരെ പൂർത്തിയായിട്ടില്ല. തിങ്കളാഴ്ചയ്ക്ക് മുൻപ് ഇതിലൊരു തീരുമാനമുണ്ടാകുമോ എന്നാണ് അറിയാനുള്ളത്.
