യുപിഎസ്‌സി നൽകിയ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനെ നിയമിക്കാമോ എന്നതിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയുടെ കാര്യത്തിൽ മുഖ്യമന്ത്രി നാളെ തീരുമാനം എടുക്കും. പൊലീസ് മേധാവി നിയമനത്തിന് നിധിൻ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നീ ഡി ജി പിമാരുടെ ചുരുക്കപ്പട്ടിയാണ് യു പി എസ് സി തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. എന്നാൽ യു പി എസ് സി നൽകിയ മൂന്നു പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് പൊലീസ് മേധാവിയുടെ ചുമതല നൽകാമോയെന്നതിൽ സർക്കാർ ഇന്നലെ നിയമോപദേശം തേടിയിരുന്നു.

എ ജിയോടും സുപ്രീം കോടതിയിലെ അഭിഭാഷകരോടുമാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. പട്ടികയ്ക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥനെ പൊലീസ് മേധാവി സ്ഥാനത്ത് ഇന്‍ ചാര്‍ജ്ജായി കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. അങ്ങനെയെങ്കിൽ മനോജ് എബ്രഹാമിനോ എം ആര്‍ അജിത്കുമാറിനോ ആയിരിക്കും കൂടുതൽ സാധ്യത കൽപ്പിക്കപെടുന്നത്.

വിശദ വിവരങ്ങൾ

കേരളത്തിന്‍റെ പുതിയ പൊലിസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് യു പി എസ് സി മൂന്നംഗ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാൾ, ഐ ബി സ്‌പെഷ്യൽ ഡയറക്ടർ റാവഡ ചന്ദ്രശേഖർ, ഫയർഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവർ ഉൾപ്പെട്ട പട്ടികയാണ് യു പി എസ് സി സർക്കാരിന് കൈമാറിയത്. വിജിലൻസ് മേധാവിയായ മനോജ് എബ്രഹാമിനെ ഇത്തവണ പരിഗണിച്ചില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എ ഡി ജി പി എം.ആർ. അജിത് കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ ശക്തമായ സമ്മർദം ചെലുത്തിയെങ്കിലും യു പി എസ് സി വഴങ്ങിയില്ല. കേരള സർക്കാർ നിർദേശിച്ച പട്ടികയിലെ ആദ്യ മൂന്ന് പേരെയാണ് യു പി എസ് സിസ്‌ക്രീനിംഗ് കമ്മിറ്റി പരിഗണിച്ചത്. നിധിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരുടെ ഫയലുകൾ വിശദമായി പരിശോധിച്ച കമ്മിറ്റി മറ്റ് പേരുകൾ പരിഗണിക്കാൻ തയ്യാറായില്ല. ഡി ജി പി റാങ്കിലുള്ള മനോജ് എബ്രഹാം നാലാം സ്ഥാനത്തായിരുന്നു. ക്രമസമാധാന ചുമതലയിൽ ഏറെക്കാലം പ്രവർത്തിച്ച മനോജിന് അവസരം നൽകണമെന്ന് ചീഫ് സെക്രട്ടറിയും ഡി ജി പിയും വാദിച്ചെങ്കിലും, യു പി എസ്‌ സി നിലപാട് മാറ്റിയില്ല. തീരുമാനം സർക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.