Asianet News MalayalamAsianet News Malayalam

അടൂര്‍ പ്രകാശിന് പകരം അരഡസൻ പേര്; കോന്നി സ്ഥാനാര്‍ത്ഥിത്വത്തിന് കോൺഗ്രസിൽ പിടിവലി

കോന്നി ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ  സാമുദായിക പരിഗണനയേക്കാൾ ജയസാധ്യത മാത്രമായിരിക്കണം മുൻതൂക്കമെന്ന നിലപാടാണ് അടൂർ പ്രകാശിന്. 

who will contest in konni by election discussions in congress
Author
Pathanamthitta, First Published Jun 5, 2019, 12:09 PM IST

പത്തനംതിട്ട: എംഎൽഎയായിരുന്ന അടൂർ പ്രകാശ് ആറ്റിങ്ങൽ എംപി ആയതിന്  പിന്നാലെ കോന്നി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായി. കോൺഗ്രസ്സിൽ  അരഡസനിലേറെ പേരാണ് സ്ഥാനാർത്ഥി മോഹവുമായി രംഗത്തുള്ളത്. എന്നാൽ സാമുദായിക പരിഗണനയേക്കാൾ ജയസാധ്യതക്കായിരിക്കണം മുൻതൂക്കമെന്ന നിലപാടുമായി അടൂർ പ്രകാശും രംഗത്തെത്തിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ്സിന് ആകെയുള്ള നിയമസഭാ മണ്ഡലമാണ് കോന്നി. നിലവിൽ  ഐ ഗ്രൂപ്പിന്‍റെ കൈവശമാണ് മണ്ഡലം.  കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഒരുക്കം തുടങ്ങിയതിനൊപ്പം നവമാധ്യമങ്ങളിലും സ്ഥാനാർത്ഥി ചർച്ചകൾ സജീവമായിട്ടുണ്ട്. മുൻ ഡിസിസി പ്രസിഡന്‍റ് മോഹൻരാജ്, പഴകുളം മധു, പ്രയാർ ഗോപാലകൃഷ്ണൻ, എലിസബത്ത് അബു , പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്റർ തുടങ്ങിയവരുടെ പേരുകളാണ് കോന്നിയിൽ പരിഗണനാ പട്ടികയിലുള്ളത്.

കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോൾ അടൂർ പ്രകാശിന്‍റെ ഇടപെടലും കോന്നിയുടെ കാര്യത്തിലുണ്ടായേക്കും. അങ്ങിനെയെങ്കിൽ റോബിൻ പീറ്ററിനാണ് സാധ്യത ഏറുമെന്ന വിലയിരുത്തലും ഉണ്ട്. 1996 ൽ നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാറിനെ തോൽപ്പിച്ചുകൊണ്ട് അടൂർ പ്രകാശ് ഇടത് മുന്നണിയിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലം പിന്നീടൊരിക്കലും കോൺഗ്രസിനെ കൈവിട്ടിട്ടില്ല.

സിപിഎമ്മിന് ശക്തമായ അടത്തറയുള്ള മണ്ഡലം കൂടിയാണ് കോന്നിയെന്നതും ശ്രദ്ധേയമാണ്. ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ,ഡിവൈഎഫ്ഐ നേതാവ് ജെനീഷ്കുമാർ, തുടങ്ങിയവരുടെ പേരുകൾ സിപിഎം പരിഗണനയിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് കെ സുരേന്ദ്രനും  കോന്നിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ബിജെപിക്കും മത്സരം നിർണായകമാണ്. സംസ്ഥാന നേതാക്കളെ ആരെയെങ്കിലും കോന്നിയിലേക്ക് പരിഗണിക്കാനാണ് സാധ്യതയെന്നാണ് കരുതുന്നത്. 

Follow Us:
Download App:
  • android
  • ios