തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ എസ്.എഫ്.ഐ പ്രവർത്തകരുമായി വൻ സംഘർഷമുണ്ടായി. ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോൾ സി.പി.എം എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് വി.ഡി സതീശൻ ചോദിച്ചു.

തിരുവനന്തപുരം: ബിജെപിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിനെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പിക്കും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും പോക്ഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സി.പി.എം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘ്പരിവാറിനെതിരെ കോണ്‍ഗ്രസ് ആര്‍ജവത്തോടെ സമരം നടത്തുമ്പോള്‍ സി.പി.എമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ ചോദിച്ചു.

സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. കരുതിക്കൂട്ടിയുള്ള നീക്കമാണ് സിപിഎം നടത്തിയത്. എസ് എഫ് ഐക്കാര്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിയര്‍ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. ഏതാനും ദിവസങ്ങളായി യുവമോര്‍ച്ചയും ബി.ജെ.പിയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി തിരുവനന്തപുത്ത് എസ്.എഫ്.ഐയും സി.പി.എമ്മും കാട്ടിയത്. സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അനുവദിക്കില്ല. നാട്ടില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിലായിരുന്നു സംഘർഷമുണ്ടായത്. മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച മാർച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സ്ഥലത്ത് വേണ്ടത്ര പൊലീസ് വിന്യാസം ഇല്ലാതിരുന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടായി. ഇതിനുപിന്നാലെ എസ്.എഫ്.ഐ പ്രവർത്തകര്‍ ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസുകാർ പ്രകോപനമില്ലാതെ ആക്രമിച്ചെന്നും, കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞതായും എസ്എഫ്ഐ പ്രവര്‍ത്തകരും ആരോപിച്ചു.