തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താമെന്ന എൽഡിഎഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു. പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻ, ടികെ ഗോവിന്ദൻ, ജി സുധാകരൻ തുടങ്ങിയ വിമതർ പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ തുടങ്ങിയ സിപിഎം കോട്ടകളിൽ വൻ വിജയം നേടി.

തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയ ആദ്യ അര മണിക്കൂറിലും 71 സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ് ക്യാംപ്. എന്നാൽ ഫലം വന്നപ്പോൾ മഞ്ചേശ്വരം തൊട്ട് പാറശാല വരെ കോട്ടകൾ ഇളകിത്തകർന്നു തരിപ്പണമായി. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച അഞ്ച് പേരാണ് സിപിഎമ്മിന് ഇരട്ട വെല്ലുവിളിയായത്. അവരിൽ മൂന്ന് പേരും ജയിച്ചു. ഒരിടത്ത് വിമതനെ ജനം പൂർണമായും കൈവിട്ടപ്പോൾ മറ്റൊരിടത്ത് അതിശക്തമായ മത്സരം കാഴ്ചവെച്ചു. പയന്നൂരിലെ വിമതൻ വി കുഞ്ഞികൃഷ്‌ണനും തളിപ്പറമ്പിലെ വിമതൻ ടികെ ഗോവിന്ദനും അമ്പലപ്പുഴയിലെ വിമതൻ ജി സുധാകരനും വൻ വിജയമാണ് നേടിയത്. കൊട്ടാരക്കരയിൽ ഐഷ പോറ്റി അതിശക്തമായ മത്സരം കാഴ്ചവെച്ചപ്പോൾ ഒറ്റപ്പാലത്ത് പികെ ശശി കനത്ത പരാജയം ഏറ്റുവാങ്ങി.

പയ്യന്നൂരിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ധനരാജിൻ്റെ രക്തസാക്ഷി കുടുംബ സഹായ ഫണ്ട് മുക്കി എന്ന ആരോപണം ഉന്നയിച്ച് കുഞ്ഞികൃഷ്ണൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രംഗത്ത് വന്നത്. പയ്യന്നൂരിലെ സിറ്റിങ് എംഎൽഎ ടിഐ മധുസൂദനന് എതിരെയാണ് ആരോപണം ഉന്നയിച്ചത്. ഏഷ്യാനെറ്റ് ന്യൂസിൽ സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വലിയ വെളിപ്പെടുത്തൽ നടത്തിയത്. പിരിച്ച കാശിൻ്റെ കണക്ക് പറയാൻ സിപിഎം ജില്ലാ നേതൃത്വം വിസമ്മതിച്ചതോടെ ചെങ്കോട്ടയെന്ന് കരുതപ്പെട്ടിരുന്ന പയ്യന്നൂരിൽ പാർട്ടി അണികൾ പോലും തിരിഞ്ഞുകുത്തി. കുഞ്ഞികൃഷ്ണൻ യുഡിഎഫ് പിന്തുണയോടെ സ്ഥാനാർത്ഥിയായപ്പോഴും വിജയം ഉറപ്പെന്നും ഭൂരിപക്ഷം കുറഞ്ഞേക്കുമെന്നുമായിരുന്നു സിപിഎം നേതൃത്വത്തിൻ്റെ വിലയിരുത്തൽ. എന്നാലോ, ഫലം വന്നപ്പോൾ 7487 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വി കുഞ്ഞികൃഷ്ണൻ ജയിച്ചു. 40000 വോട്ട് ഭൂരിപക്ഷത്തിൽ സിപിഎം വിജയിക്കുന്ന മണ്ഡലമായിരുന്നു ഇത്.

തളിപ്പറമ്പിൽ സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ടികെ ഗോവിന്ദനെ ചൊടിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ഭാര്യ പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമെന്നായിരുന്നു ടികെ ഗോവിന്ദൻ്റെ ആരോപണം. മണ്ഡലം കമ്മിറ്റി യോഗത്തിൽ വലിയ വിമർശനം ഉയർന്നിട്ടും സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കുന്നതിൽ പ്രതിഷേധിച്ച് അദ്ദേഹം പാർട്ടി വിട്ടു. തളിപ്പറമ്പിൽ മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. യുഡിഎഫ് പിന്തുണച്ചതോടെ കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പിച്ചു. അപ്പോഴും 3000 വോട്ട് ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തുമെന്ന് സിപിഎം പ്രതീക്ഷിച്ചു. പക്ഷെ വോട്ടെണ്ണൽ 16 ൽ 13 റൗണ്ട് പിന്നിട്ടപ്പോൾ 13000ത്തിലേറെ ഭൂരിപക്ഷത്തിലാണ് ടികെ ഗോവിന്ദൻ ജയം ഉറപ്പിച്ച് മുന്നേറുന്നത്.

സംസ്ഥാനത്ത് സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് മാത്രമായിരുന്നില്ല ജി സുധാകരൻ. പാർട്ടി നേതാക്കൾക്കും അണികൾക്കും പാർട്ടി ക്ലാസെടുക്കുന്ന നേതാവ്. പ്രായാധിക്യത്തിൻ്റെ പേരിൽ 'ഒതുക്കി' തന്നെ വീട്ടിലിരുത്തിയെന്നാണ് സുധാകരൻ്റെ പ്രധാന വിമർശനം. കോൺഗ്രസിൻ്റെ പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം തയ്യാറായപ്പോഴൊന്നും സിപിഎം നേതൃത്വം അത് ഗൗനിച്ചില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടി അംഗത്വം പുതുക്കാതെ അദ്ദേഹം മാറിനിന്ന ഘട്ടത്തിൽ മാത്രമാണ് അപായ സൂചന നേതൃത്വം മനസിലാക്കിയത്. അതോടെ പഠിച്ച പണി പതിനെട്ടും നോക്കി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജി സുധാകരൻ പിന്മാറിയില്ല. തൻ്റെ ജനപിന്തുണ പാർട്ടിയുടെ ആലപ്പുഴയിലെ ഇപ്പോഴത്തെ നേതാക്കൾക്ക് മനസിലാക്കി കൊടുക്കാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. അവിടെയും യുഡിഎഫ് പിന്തുണയുമായി ഒപ്പം നിന്നു. അപ്പോഴും ജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സിപിഎം കേന്ദ്രങ്ങൾ. എന്നാൽ സിറ്റിങ് എംഎൽഎ എച്ച്.സലാമിനെ ജനം കൈവിടുന്നതാണ് ഫലം വന്നപ്പോൾ കണ്ടത്. 23814 വോട്ട് ഭൂരിപക്ഷത്തിലാണ് അമ്പലപ്പുഴയിൽ നിന്ന് സുധാകരൻ ഒരിക്കൽ കൂടി നിയമസഭയിലേക്ക് എത്തുന്നത്.

സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പോലും ഒഴിവാക്കി നിർത്തിയ പികെ ശശിയുടെ കാര്യത്തിലാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടൽ പിഴച്ചത്. സിപിഎമ്മിൻ്റെ ശക്തികേന്ദ്രമായ ഒറ്റപ്പാലത്ത് പികെ ശശിയിലൂടെ വിജയം നേടാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ തെറ്റി. അണികൾ പാർട്ടി സ്ഥാനാർത്ഥിക്കൊപ്പം നിന്നു. അഡ്വ.കെ.പ്രേംകുമാർ 26777 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. കൊട്ടാരക്കരയിൽ മുൻപ് കെ ബാലകൃഷ്ണപിള്ളയെ മലർത്തിയടിച്ച ചരിത്രമുള്ള തന്നെ അർഹമായ പരിഗണന നൽകാതെ ഒതുക്കിയെന്ന പരാതിയാണ് ഐഷ പോറ്റിക്ക് ഉണ്ടായിരുന്നത്. പൊതരംഗത്ത് നിന്ന് മാറിനിന്ന അവർ തിരികെ ഈ തെരഞ്ഞെടുപ്പ് കാലത്താണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മുന്നണിയിലേക്ക് വന്നത്. മണ്ഡലത്തിൽ 1072 വോട്ടിൻ്റെ നിറംമങ്ങിയ വിജയമാണ് ധനമന്ത്രി കൂടിയായിരുന്ന കെഎൻ ബാലഗോപാലിന് നേടാനായത്.