അമ്മയുടേയും കുഞ്ഞിന്‍റെ ജീവൻ ആശങ്കയിലായ നിമിഷത്തിൽ ആശുപത്രി വരാന്തയിൽ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടന്ന കെഎം മാണി ആ തീരുമാനമെടുത്തു
കോട്ടയം: കെഎം മാണിയുടെ മക്കൾ സ്നേഹത്തെക്കുറിച്ച് ചോദിച്ചാൽ ഒരുപാട് കഥകളുണ്ട് ഭാര്യ കുട്ടിയമ്മയ്ക്ക് പറയാൻ. ശീലത്തിനപ്പുറം ദുശീലം എന്ന തരത്തിൽ തന്നെ പുകവലി കൊണ്ട് നടന്നിരുന്നയാളായിരുന്നത്രെ കെഎം മാണി. ഹൈസ്കൂൾ കാലം മുതലേ ആരംഭിച്ച അത്രയെളുപ്പം മാറ്റാനാകാത്ത ശീലം. ഒന്നിന് പുറകെ ഒന്നെന്ന പോലെ നിര്‍ത്താതെ സിഗരറ്റ് പുകച്ചിരുന്ന ദുശ്ശീലം. പലതവണ നിര്‍ത്താൻ പലതരത്തിൽ ശ്രമിച്ചിട്ടും പുകവലി ശീലം കെഎം മാണിയെ തോൽപ്പിച്ചു കൊണ്ടേയിരുന്നു.
അങ്ങനെ ഇരിക്കെയാണ് മകൾ എൽസമ്മ അമ്മയാകാൻ പോകുന്നുവെന്ന വാര്‍ത്തയറിയുന്നത്. ഗര്‍ഭകാലം അത്ര സുഖകരമായിരുന്നില്ല. ആരോഗ്യ നില വഷളായ മകളെ ആശുപത്രിയിലാക്കി. അമ്മയുടേയും കുഞ്ഞിന്‍റെ ജീവൻ ആശങ്കയിലായ നിമിഷത്തിൽ ആശുപത്രി വരാന്തയിൽ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടന്ന കെഎം മാണി ആ തീരുമാനമെടുത്തു. 'കുഴപ്പമൊന്നുമുണ്ടാക്കല്ലേ, എങ്കിൽ വലി നിർത്താമേയെന്ന്'. എൽസമ്മ സുഖമായി പ്രസവിച്ചു. മാണി വലിയും നിർത്തി.
അന്ന് കുത്തിക്കെടുത്തിയ സിഗരറ്റ് പിന്നീടൊരിക്കലും കെഎം മാണി കൈ കൊണ്ട് തൊട്ടിട്ടില്ല. മക്കളോട് അത്രമേൽ വാത്സല്യമുള്ള അച്ഛനായിരുന്നു കെഎം മാണിയെന്ന് പറയാൻ പിന്നെയും എത്രയോ കഥകൾ പറയാനുണ്ട് കുട്ടിയമ്മയ്ക്ക്.
