Asianet News MalayalamAsianet News Malayalam

തൃക്കാക്കരയിലെ സസ്പെന്‍സും, ചുവരെഴുത്തും; ഒരു ചേരിമാറ്റത്തിന്‍റെ കഥ

'സിപിഎമ്മില്‍ വിഭാഗീയത കത്തി നില്‍ക്കുന്ന സമയം, ആര്‍എസ്‍പിയ്ക്ക് വിഎസ് അച്ചുതാനന്ദനോടുള്ള ചെറിയൊരടുപ്പത്തില്‍ പിണറായി വിരോധം വച്ചുപുലര്‍ത്തുന്നുമുണ്ട്. എന്തായാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൊല്ലത്ത് സ്ഥാനാര്‍ഥിയെ തീരുമാനിച്ചു'- വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ചുവരെഴുത്തിനെക്കുറിച്ചും പിന്നാലെയുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളെപ്പറ്റിയും ആര്‍ അജയഘോഷ് എഴുതുന്നു...

why RSP quits CPIM lead LDF in Kerala following poster war at Kollam in 2012
Author
Thiruvananthapuram, First Published May 4, 2022, 10:03 PM IST

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥിയായി കെ എസ് അരുണ്‍കുമാറിന്‍റെ പേര് ചര്‍ച്ചയായതും അത് മാധ്യമങ്ങളില്‍ വന്നതും തൊട്ട് പിന്നാലെ ചുവരെഴുത്തുകള്‍ തുടങ്ങിയതും, അത് വലിയ വാര്‍ത്തയായതും ഇന്നത്തെ കൗതുക കാഴ്ചകളാണ്. സിപിഎം ചുവരെഴുത്ത് തുടങ്ങിയെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തതോടെ പാര്‍ട്ടി നിര്‍ദ്ദേശം പോയി, എല്ലാം സ്വിച്ച് ഓഫാക്കിയ പോലെ നിന്നു. ഇടത് സ്ഥാനാര്‍ഥി ആരാകുമെന്ന സസ്പെന്‍സിലാണിപ്പോള്‍.

കേരള രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റമുണ്ടാക്കിയ ചേരിമാറ്റത്തിന്‍റെ കഥയാണ് ഇനി പറയാന്‍ പോകുന്നത്. അന്നും ഒരു ചുവരെഴുത്താണ് പ്രശ്നം സങ്കീര്‍ണമാക്കിയത്. വര്‍ഷം 2014, ലോക്സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നു. പാര്‍ട്ടിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് തങ്ങള്‍ക്ക് നഷ്ടമായ കൊല്ലം സീറ്റ് തിരികെ വേണമെന്ന് ആര്‍എസ്പി ശക്തമായി സിപിഎമ്മിനോടാവശ്യപ്പെടുന്നു. സിപിഎം സ്ഥാനാര്‍ഥി പി രാജേന്ദ്രന്‍ രണ്ട് തവണ തുടര്‍ച്ചയായി ജയിച്ചതിന് ശേഷം 2009 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി പീതാംബരക്കുറിപ്പിനോട് തോറ്റിരുന്നു. ഇനിയും സിപിഎം സീറ്റെടുക്കുന്നത് ശരിയല്ലെന്ന വാദമാണ് അന്ന് ആര്‍എസ്പി നേതൃത്വം സിപിഎമ്മിനോട് ഉന്നയിച്ചത്. പക്ഷേ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ കടുകിട വിട്ടുവീഴചക്കില്ലെന്നറിയിച്ചു.

സിപിഎമ്മില്‍ വിഭാഗീയത കത്തി നില്‍ക്കുന്ന സമയവുമാണ്. ആര്‍എസ്‍പിയ്ക്ക് വിഎസ് അച്ചുതാനന്ദനോടുള്ള ചെറിയൊരടുപ്പത്തില്‍ പിണറായി വിരോധം വച്ചുപുലര്‍ത്തുന്നുമുണ്ട്. എന്തായാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൊല്ലത്ത് സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. പിബി അംഗം എംഎ ബേബിയായിരിക്കും കൊല്ലത്ത് സ്ഥാനാര്‍ഥി. അതേ സമയം തന്നെ ആര്‍എസ്പിയുമായി ഉഭയകക്ഷി ചര്‍ച്ചയും തീരുമാനിച്ചു. ആര്‍എസ്പിയെ പിണക്കി മത്സരിക്കുന്നത് ശരിയല്ലെന്ന് ബേബിക്ക് അഭിപ്രായമുണ്ടായിരുന്നു. പ്രേമചന്ദ്രന് പത്തനംതിട്ട സീറ്റ് കൊടുക്കാമെന്ന് ഏകദേശ ധാരണയുമുണ്ടായിരുന്നു. പക്ഷേ ആ ചര്‍ച്ച പലത് കൊണ്ടും മുന്നോട്ട് പോയില്ല.

അന്ന് ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരത്തില്‍ പ്രേമചേന്ദ്രന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. പത്തനംതിട്ടയില്‍ ക്ലച്ച് പിടിക്കുമോ എന്ന കാര്യത്തില്‍ പ്രേമചന്ദ്രനുണ്ടായ ആശങ്കയും, സിപിഎം ജില്ലാഘടകം അത്ര താല്‍പര്യം കാണിക്കാതിരുന്നതുമൊക്കെ അന്ന് തടസമായി. ഈ ചര്‍ച്ചകളൊക്കെ നടക്കുന്നതിനിടെ കൊല്ലം ടൗണില്‍ അഞ്ചിടത്ത് എംഎ ബേബിയുടെ ചുവരെഴുത്ത് തെളിഞ്ഞു. പിബി അംഗം മത്സരിക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തിലായതാണ്. പക്ഷേ ആര്‍എസ്പി നേതാക്കള്‍ക്ക് ഇത് സഹിക്കാനായില്ല. ഉഭയകക്ഷിചര്‍ച്ചയില്‍ തീരുമാനം ആകും മുന്‍പ് ഇവര്‍ ചുവരെഴുത്ത് തുടങ്ങിയത് വഞ്ചനയാണെന്ന് അവര്‍ കണക്ക് കൂട്ടി. തീരുമാനമെടുത്ത ശേഷം ഇനി ചര്‍ച്ചക്കെന്ത് പ്രസക്തിയെന്ന് ചോദിച്ച് ആര്‍എസ്പി മുന്നണി വിട്ടു. ഇത്തരമൊരു കടുത്ത തീരുമാനം ആര്‍എസ്പി എടുക്കുമെന്ന് ആരും കരുതിയിരുന്നുമില്ല. ഇന്ന് തൃക്കക്കരയിലെ ചുവരെഴുത്ത് കണ്ടപ്പോള്‍ കേരള രാഷ്ട്രീയത്തിലെ ചരിത്രമായ കൊല്ലത്തെ ചുവരെഴുത്ത് ഓര്‍ത്തുപോയി.

Follow Us:
Download App:
  • android
  • ios