Asianet News MalayalamAsianet News Malayalam

അപേക്ഷകര്‍ക്ക് പകരം ഏജന്‍റുമാര്‍ പരീക്ഷയെഴുതും; ആര്‍ടി ഓഫിസുകളില്‍ വ്യാപക ക്രമക്കേട്, 3 ലക്ഷം പിടിച്ചെടുത്തു

തൊടുപുഴ ആര്‍ടി ഓഫീസില്‍ ലേണേഴ്സ് ഓണ്‍ലൈൻ ടെസ്റ്റില്‍ പങ്കെടുക്കേണ്ട അപേക്ഷകര്‍ക്ക് പകരം ഒടിപി ഉപയോഗിച്ച് ഏജന്‍റുമാര്‍ പരീക്ഷയെഴുതി. 

Widespread irregularities in RT offices three lakh seized
Author
Trivandrum, First Published Nov 27, 2021, 5:53 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളില്‍ ( RT office ) വ്യാപക ക്രമക്കേടെന്ന് വിജിലൻസ് ( vigilance ) കണ്ടെത്തല്‍. ഓപ്പേറഷൻ സ്പീഡ് ചെക്ക് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത മൂന്നുലക്ഷം രൂപ പിടിച്ചെടുത്തു. ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ അപേക്ഷകരെന്ന വ്യാജേന ഓണ്‍ലൈൻ ലേണേഴ്സ് ടെസ്റ്റില്‍ പങ്കെടുക്കുന്നതായും പരിശോധനയില്‍ തെളിഞ്ഞു. പൊൻകുന്നം, മുവാറ്റുപുഴ ആര്‍ടി ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകളില്‍ ഏജന്‍റുമാരെ തിരിച്ചറിയുന്നതിന് ഉദ്യോഗസ്ഥര്‍ അപേക്ഷകളില്‍ പ്രത്യേകം അടയാളം രേഖപ്പെടുത്തി. 

തൊടുപുഴ ആര്‍ടി ഓഫീസില്‍ ലേണേഴ്സ് ഓണ്‍ലൈൻ ടെസ്റ്റില്‍ പങ്കെടുക്കേണ്ട അപേക്ഷകര്‍ക്ക് പകരം ഒടിപി ഉപയോഗിച്ച് ഏജന്‍റുമാര്‍ പരീക്ഷയെഴുതി. ഇതര സംസ്ഥാനക്കാരായ അപേക്ഷകര്‍ പോലും മലയാളത്തിലുള്ള പരീക്ഷ വേഗത്തില്‍ പാസാകുന്നത് പിന്നില്‍ ഇത്തരത്തില്‍ തിരിമറിയിലൂടെയാണ്. പറവൂരും ഇരിങ്ങാലക്കുടയിലും അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തി. ഇവിടങ്ങളില്‍ നിന്ന് വിതരണം ചെയ്യപ്പെടാത്ത 200 ലധികം ഡ്രൈവിംഗ് ലൈസൻസുകളും ആര്‍ടി ബുക്കുകളും കണ്ടെത്തി. പലയിടത്തും ഏജന്‍റുമാര്‍ അപേക്ഷകരില്‍ നിന്നും വൻതുക വാങ്ങി അതില്‍ നിന്നും ഒരുവിഹിതം ഓഫീസ് സമയം കഴിയാറാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നെന്നും തെളിഞ്ഞു. 

ഇന്നലെയും ഇന്നുമായി വിജിലൻസ് സംഘം പരിശോധനയ്ക്കായി എത്തിയ സമയം ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനായി ഏജന്‍റുമാര്‍ കൊണ്ടുവന്ന മൂന്നുലക്ഷം രൂപയാണ് സംസ്ഥാനത്തെ വിവിധ ആര്‍ടി ഓഫീസുകളില്‍ നിന്ന് പിടികൂടിയത്. പെരുമ്പാവൂര്‍ ആര്‍ടി ഓഫീസില്‍ നിന്നും 89000 രൂപയും പീരുമേട്ടില്‍ നിന്നും 65000 രൂപയും പിടികൂടി. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടും പല ആര്‍ടിഒമാരും നടപടി സ്വീകരിച്ചിട്ടില്ല. ആര്‍ടി ഓഫീസുകളിലെ ക്രമക്കേടിനെ കുറിച്ച് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലൻസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. 

Follow Us:
Download App:
  • android
  • ios