Asianet News MalayalamAsianet News Malayalam

ആനയിറങ്കൽ ഡാം കടന്ന് അരിക്കൊമ്പൻ, 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി; നിരീക്ഷിച്ച് ദൗത്യസംഘം

നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Wild elephant Arikkomban again to the 301 Colony area nbu
Author
First Published Mar 27, 2023, 1:45 PM IST

ഇടുക്കി: ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി. മയക്ക് വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള വനം വകുപ്പിന്‍റെ സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം നാളെ നടക്കും.

ഇന്നലെ വൈകുന്നേരം ഒരു പിടിയാനയ്ക്കും രണ്ട് കുട്ടിയാനകൾക്കുമൊപ്പമാണ് അരിക്കൊമ്പൻ പെരിയ കനാൽ എസ്റ്റേറ്റ് ഭാഗത്തെത്തിയത്. ദേശീയപാതയിൽ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാൽ തിരികെ ആനയിറങ്കൽ ഭാഗത്തേക്ക് തിരിച്ചെത്തി. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിയ ആർആ‌ർടിയും ഡോ. അരുൺ സഖറിയയും ചിന്നക്കനാലിൽ തുടരുകയാണ്. ആനയെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങൾ വനം വകുപ്പ് തുടരുകയാണ്. 

Also Read: ജീപ്പ് തക‍ർത്ത് അരിക്കൊമ്പൻ ദൗത്യമേഖലയിലേക്ക് പ്രവേശിച്ചു: വഴിയടച്ച് തടയാൻ കുങ്കിയാനകൾ

നാളെ വനം വകുപ്പ് ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി വിവിധ സംഘങ്ങൾ രൂപീകരിക്കും. എട്ട് സംഘങ്ങളെയാണ് രൂപീകരിക്കുക. ഏതൊക്കെ ആളുകൾ എന്തൊക്കെ ജോലികൾ ചെയ്യണം എന്നത് വിശദീകരിച്ച് നൽകും. മറ്റ് വകുപ്പുകളെ ഉൾപ്പെടുത്തി 29ന് തന്നെ മോക്ക് ഡ്രിൽ നടത്താനാണ് തീരുമാനം. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ട എല്ലാ വിവരങ്ങളും വനം വകുപ്പ് തയ്യാറാക്കി നൽകിയിട്ടുണ്ട്. അനുകൂല വിധി വന്നാൽ അടുത്ത ദിവസം തന്നെ മയക്ക് വെടി വക്കുന്ന ദൗത്യത്തിലേക്കും കടക്കും. 

Follow Us:
Download App:
  • android
  • ios