പാലക്കാട്: വായിൽ മുറിവേറ്റ് ഗുരുതരാവസ്ഥയിലായ കാട്ടാനയ്ക്ക് മയക്കുവെടി വെച്ച് ചികിത്സ നൽകാനാവില്ലെന്ന് വിലയിരുത്തൽ. ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. അരുൺ സത്യൻ ഇന്നലെ അട്ടപ്പാടിയിലെത്തി കാട്ടാനയെ നിരീക്ഷിച്ചു. ആരോഗ്യനില മെച്ചപ്പെടാതെ മയക്കുവെടി വെച്ചാൽ കൂടുതൽ അപകടം ചെയ്യുമെന്നാണ് വിലയിരുത്തൽ. 

പഴത്തിൽ മരുന്ന് വെച്ച് നൽകാനാണ് ശ്രമം. എന്നാൽ കീഴ്ത്താടിയിൽ നീരുള്ളതിനാൽ ഭക്ഷണം കഴിക്കാൻ സാധിക്കാത്തത് ചികിത്സാശ്രമങ്ങൾക്ക് തിരിച്ചടിയാവുന്നുണ്ട്. ഇന്നലെ ഷോളയൂർ ഭാഗത്ത് നിലയുറപ്പിച്ച കാട്ടാന തീറ്റയെടുക്കാൻ ശ്രമം നടത്തിയത് അല്പം പ്രതീക്ഷ നൽകുന്നുണ്ട്. എങ്കിലും ആനയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. വായിലുള്ള മുറിവ് കാണാൻ കഴിയാത്തതും ചികിത്സയ്ക്ക് പ്രതിസന്ധി സൃഷ്ടിയ്ക്കുന്നുണ്ട്.

വായില്‍ മുറിവുമായി അവശ നിലയില്‍ കണ്ടെത്തിയ രണ്ടു കാട്ടാനകള്‍ ചരിഞ്ഞതിനു പിന്നാലെയാണ് ഇപ്പോള്‍ മൂന്നാമതൊരു ആന കൂടി വായില്‍ മുറിവുമായി എത്തുന്നത്. കിഴക്കൻ  അട്ടാപ്പാടി മേഖലയില്‍ നിരവധി വീടുകള്‍ തകര്‍ത്ത ബുള്‍ഡോസര്‍ എന്നു വിളിപ്പേരുള്ള കാട്ടാനയെയാണ് കഴിഞ്ഞ ദിവസം അവശ നിലയില്‍ കണ്ടെത്തിയത്.    

തൂവയിലെ പ്രദേശവാസികളാണ് ആനയ്ക്ക് പരിക്കുള്ളതായി വനം വകുപ്പിനെ വിവരമറിയിച്ചത്.  ആനക്ക് ഗുരുതര പരിക്കുണ്ട് എന്ന് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ട് ഉണ്ട്. ഒരാഴ്ചയായി തമിഴ് നാട് വനംവകുപ്പ് നിരീക്ഷണത്തിൽ ആയിരുന്നു ആന. പരിക്കിന്റെ കാരണം വ്യക്തമല്ല. പതിനെട്ടു ദിവസമായി കാണാതിരുന്ന ആന തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ തമിഴ്നാട് അതിർത്തിയിലെ കൊടുങ്കരപ്പള്ളം കടന്ന്  ഷോളയൂരിലെ കത്താളക്കണ്ടി വനത്തിലെത്തുകയായിരുന്നു.