ജനങ്ങളോട് ചേർന്നുനിൽക്കുന്ന, എപ്പോഴും അവര്‍ക്ക് ലഭ്യമാകുന്ന നേതാക്കൾക്കാണ് നെയ്യാറ്റിൻകരയിലെ വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നത്.
തിരുവനന്തപുരം ജില്ലയുടെ തെക്കൻ കവാടമായി അറിയപ്പെടുന്ന നെയ്യാറ്റിൻകര മണ്ഡലം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വോട്ടര്‍മാരുടെ ദൈനംദിന അനുഭവങ്ങളിലൂടെയാണ്. റോഡുകൾ, കുടിവെള്ളം, മാലിന്യ സംസ്കാരം, പൊതുഗതാഗതം, പെൻഷൻ വിതരണം എന്നിവ തന്നെയാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകങ്ങള്‍.
മഴക്കാലത്തെ ഓടകളിലെ വെള്ളക്കെട്ട്, വേനലിലെ കുടിവെള്ള ക്ഷാമം, പഴയ റോഡുകളിലെ ഗതാഗതക്കുരുക്ക് എന്നിവ വോട്ടർമാരുടെ പ്രധാന പ്രശ്നങ്ങളാണ്. ജനങ്ങളോട് ചേർന്നുനിൽക്കുന്ന, എപ്പോഴും അവര്‍ക്ക് ലഭ്യമാകുന്ന നേതാക്കൾക്കാണ് നെയ്യാറ്റിൻകരയിലെ വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിധി
2021-ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ. ആൻസലൻ 65,497 വോട്ടുകൾ നേടി മണ്ഡലം നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി എം. ജി. ആർ 46,921 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി എൻ. എ. ഫൗസി 21,464 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. സിപിഎമ്മിന്റെ സംഘടനാ കരുത്തും ആൻസലന്റെ ജനകീയ ഇടപെടലുകളും വിജയത്തിൽ നിർണ്ണായകമായി.
കെ. ആൻസലൻ സീറ്റ് നിലനിര്‍ത്തുമോ?
2026 നിയമസഭാ തെരഞ്ഞെടുപ്പിലും നെയ്യാറ്റിൻകരയിൽ കെ. ആൻസലൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരത്തിനിറങ്ങുന്നത്. ആൻസലൻ ഇവിടെ ജനവിധി തേടുന്നത് മൂന്നാംതവണയാണ്. 2016, 2021 തെരഞ്ഞെടുപ്പുകളിലെ മികച്ച വിജയം തന്നെയാണ് ആൻസലനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയത്. കഴിഞ്ഞ പത്ത് വർഷത്തെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് ആൻസലന്റെ വോട്ടഭ്യർത്ഥന. കിഫ്ബി വഴി നടപ്പാക്കിയ വികസനങ്ങള്‍ ജനങ്ങള്‍ വോട്ടായി നല്‍കുമെന്നും ആൻസലൻ പ്രതീക്ഷിക്കുന്നു.
മുതിര്‍ന്ന നേതാവ് എന്‍. ശക്തന്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. നെയ്യാറ്റിന്‍കരയെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ശക്തന്‍ പ്രചാരണം നടത്തുന്നത്. ചെങ്കൽ രാജശേഖരൻ നായർ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. നമ്മുക്ക് വേണം വികസിക കേരളം, വികസിത നെയ്യാറ്റിന്‍കര എന്ന മുദ്രാവാക്യവുമായാണ് ചെങ്കൽ രാജശേഖരൻ നായർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
