തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ  അധ്യാപക നിയമനത്തില്‍ ഇടപെടാനും അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എയ്‌ഡഡ്‌ സ്കൂൾ മാനേജ്മെന്റ് രംഗത്ത്. അധ്യാപക നിയമന രീതിയിൽ മാറ്റം വരുത്തി ഉത്തരവിറക്കിയാൽ കോടതിയെ സമീപിക്കുമെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ പ്രതികരിച്ചു. സ്കൂളുകൾ വാടകക്ക് എടുക്കാം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വമെന്ന് കുറ്റപ്പെടുത്തിയ  മാനേജ്മെന്റ്പ്രതിനിധികൾ വിഷയത്തില്‍ സർക്കാർ ചർച്ചക്ക് തയ്യാറാകണം എന്നും ആവശ്യപ്പെട്ടു. പ്രൊട്ടക്ടഡ് അധ്യാപകരെക്കുറിച്ചുള്ള ബജറ്റ് കണക്ക് തെറ്റാണ്. അനധികൃതമായി അധ്യാപകരെ നിയമിച്ചെങ്കിൽ പിരിച്ചു വിടാമെന്നും പ്രതിനിധികള്‍ പ്രതികരിച്ചു. 

അധ്യാപക നിയമനം സംബന്ധിച്ച ബജറ്റ് നിര്‍ദ്ദേശത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമടക്കം നിലപാട് വ്യക്തമാക്കിയതോടെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ യോഗം ചേര്‍ന്നത്. കുട്ടികളുടെ കണക്കിലെ പൊരുത്തക്കേടുകൾ അടക്കം വിശദമായി പരിശോധിച്ച് സർക്കാർ മുന്നോട്ട് പോകുമ്പോള്‍ സമവായ സൂചനകളാണ് മാനേജ്മെൻറുകൾ നൽകുന്നത്.

വേണമെങ്കിൽ മുഖ്യമന്ത്രി പറഞ്ഞ പോലെ സ്കൂളുകൾ സർ‍ക്കാർ തന്നെ വാടകക്ക് എടുക്കാം എന്ന് ചില മാനേജ്മെനറ് പ്രതിനിധികൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ചർച്ചയുടെ വാതിൽ അടക്കേണ്ടെന്നും നിയമന രീതി മാറ്റി ഉത്തരവിട്ടാൽ കോടതിയെ സമീപിക്കാമെന്നുമാണ് മാനേജ്മെൻറ് അസോസിയേഷൻ യോഗത്തിൻറെ തീരുമാനം.

മുൻകൂർ അനുമതി വേണമെന്നതല്ലാതെ മാനേജർമാരുടെ നിയമനാധികാരം മാറ്റാത്തതിനാൽ കെഇആറിൽ കൊണ്ടുവരാൻ പോകുന്ന ഭേദഗതി കോടതി ചോദ്യം ചെയ്യാനിടയില്ലന്നാണ് സർക്കാർ കണക്ക് കൂട്ടൽ. 30 കുട്ടികൾക്ക് ഒരധ്യാപകൻ എന്നതിനപ്പുറം രണ്ടാമത്തെ അധ്യാപക തസ്തിക എത്ര കുട്ടികൾ ആകുന്പോള്‍ വേണം എന്നതിലാണ് മാറ്റത്തിനുള്ള തീരുമാനം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി ബില്ലായികൊണ്ടുവരാനാണ് ശ്രമം. അതിനിടെ കുട്ടികളുടെ ആധാർ വിവരങ്ങളിലെ പൊരുത്തക്കേടിൽ സർക്കാർ കൂടുതൽ പരിശോധന നടത്തും. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലായി ഒരു ലക്ഷത്തിപതിമൂവായിരം കുട്ടികളുടെ ആധാറിൽ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഈ വർഷം 1.38 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ കൂടിയത് വൻ നേട്ടമായി സർക്കാർ അവകാശപ്പെടുമ്പോഴാണ് കണക്കിലെ പ്രശ്നം വരുന്നത്.

എയ്‍ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്ന് പിറണായി സര്‍ക്കാരിന്‍റെ അവസാന ബജറ്റിലാണ് നിര്‍ദ്ദേശമുണ്ടായത്. പരിശോധയോ സർക്കാരിന്‍റെ  അറിവോ ഇല്ലാതെ  18,119 തസ്തികകള്‍  സർക്കാർ-എയ്ഡഡ് സ്കൂളുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും 13,255 പേര്‍ പ്രൊട്ടക്ടഡ്  അധ്യാപകരായി തുടരുന്നുണ്ടെന്നും ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെയും നടത്തിയ നിയമനങ്ങൾ പുനഃപരിശോധിക്കില്ലെങ്കിലും ഇനിയുള്ള നിയമനങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍ദ്ദേശത്തിന് പിന്നാലെയാണ് വിവിധ എയ്ഡഡ് മാനേജ്മെന്‍റുകള്‍ രംഗത്തെത്തിയത്.