കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണ് ശിശു മരിച്ചതെന്ന് അമ്മ റഹീമ നിയാസ് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത്.
മൂവാറ്റുപുഴ : മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിൻറെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണ് ശിശു മരിച്ചതെന്ന് അമ്മ റഹീമ നിയാസ് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത്.
പേഴക്കാപ്പിള്ളി സ്വദേശിനിയായ റഹീമ നിയാസ് എന്ന യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന സംശയം തോന്നിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷം ഇവർ ആശുപത്രിയിലെത്തിയത്. സ്കാനിംഗ് നടത്തി ഒന്നര മണിക്കൂറിനും ശേഷം ശിശു മരിച്ചതായി ആശുപത്രി അധികതർ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ബഹളം വയ്ക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
കൃത്യമായ ചികിത്സ നൽകാത്തതാണ് ശിശു മരിക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാൽ ഇത് ആശുപത്രി അധികൃതർ തള്ളുന്നു. ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രോഗി ആശുപത്രിയിൽ എത്തുമ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നതായും ഗർഭ പാത്രത്തിൽ ഫ്ലൂയിഡ് കുറവായതിനാൽ രണ്ടാഴ്ചയ്ക്ക് മുമ്പ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുവാൻ നിർദേശിച്ചിരുന്നതാണെന്നുമായിരുന്നു ചികിത്സിക്കുന്ന ഡോക്റുടെ വിശദീകരണം.
