തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം അതിശക്തമായി തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശക്തമായ പ്രതിഷേധത്തിന് ശേഷം ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച പ്രതിപക്ഷം നിയമസഭ പ്രവേശന കവാടത്തില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. കേരള നിയമസഭയേയും കേരളത്തേയും അപമാനിച്ച ഗവര്‍ണറുമായി സര്‍ക്കാരും സ്‍പീക്കറും കൈകോര്‍ത്തിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍...  

വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ യുഡിഎഫ് എംഎല്‍എമാരെ ശരീരികമായി നേരിട്ടു. എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ വച്ച് മര്‍ദ്ദിച്ചതിനെ അപലപിക്കുന്നു. സഭയിലേക്ക് വാച്ച് ആന്‍ഡ് വാര്‍ഡുമാരെ വിളിക്കേണ്ടെന്ന് തീരുമാനിച്ചത് മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനാണ്. ആ രീതിയാണ് ഇപ്പോള്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തെറ്റിച്ചത്. വാച്ച് ആന്‍ഡ് വാര്‍ഡുമാരെ മര്‍ദ്ദിക്കുകയും സ്പീക്കറുടെ ഡയസ് അക്രമിക്കുകയും ചെയ്ത ചരിത്രം ഞങ്ങള്‍ക്കില്ല

. ഞങ്ങള്‍ വളരെ മാന്യമായി പ്രതിഷേധിക്കുന്നവരാണ്. എന്നാല്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ ഉപയോഗിച്ച് ഞങ്ങളെ നേരിടുകയാണ്  ചെയ്തത്. കേരള നിയമസഭയുടെ അന്തസ് ഉയര്‍ത്തി പിടിക്കാന്‍ എന്തു കൊണ്ട് സ്പീക്കറും മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ല. കേരള ഗവര്‍ണര്‍ ആര്‍എസ്എസ്-ബിജെപി ഏജന്‍റിനെ പോലെ പെരുമാറുന്നു. അടുത്ത ആഴ്ച ലാവ്ലിന്‍ കേസ് സുപ്രീംകോടതി പരിണിഗിക്കുമ്പോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാരയുടെ പൊരുള്‍ മനസിലാവും. 

ഗവര്‍ണര്‍ക്കെതിരെ താന്‍ കൊണ്ടു വന്ന പ്രമേയം മുഖ്യമന്ത്രി അംഗീകരിക്കണം. കേരളത്തിലെ നിയമസഭയേയും ജനങ്ങളേയും അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതികരിക്കേണ്ടതുണ്ട്. കഴിഞ്ഞ അ‍ഞ്ച് വര്‍ഷം ഇവിടെ ഒരു ഗവര്‍ണറുണ്ടായിരുന്നു. ജസ്റ്റിസ് പിഎസ് സദാശിവം. മാതൃകപരമായ പെരുമാറ്റമാകട്ടെ, മാന്യതയാവട്ടെ ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അദ്ദേഹം തന്‍റെ കാലാവധി പൂര്‍ത്തിയാക്കിയത്. അദേഹം ഗവര്‍ണറായിരുന്ന കാലത്ത് ഒരു രീതിയിലുള്ള പ്രതിഷേധവും ഞങ്ങള്‍ക്ക് അദ്ദേഹത്തിന് നേരെ സംഘടിക്കേണ്ടി വന്നിട്ടില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം യുഡിഎഫ് ശക്തമാക്കും. ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായി ഗവര്‍ണറെ ഒരു പാവയാക്കി ഉപയോഗിക്കുകയാണ്. ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായിക്ക് സാധിക്കില്ല.