സ്വർണ്ണപ്പാളി വിറ്റെന്ന് പറഞ്ഞത് ഹൈക്കോടതിയാണെന്ന് ചൂണ്ടിക്കാട്ടിയ വി ഡി സതീശൻ ഉത്തരവാദി അന്നത്തെ ദേവസ്വം മന്ത്രി തന്നെയെന്നും കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണ്ണപ്പാളി വിറ്റെന്ന് പറഞ്ഞത് ഹൈക്കോടതിയാണെന്ന് ചൂണ്ടിക്കാട്ടിയ വി ഡി സതീശൻ ഉത്തരവാദി അന്നത്തെ ദേവസ്വം മന്ത്രി തന്നെയെന്നും കൂട്ടിച്ചേർത്തു. ഒരു തെറ്റും ചെയ്യാതെയാണ് നടപടി എടുത്തിരിക്കുന്നതെന്ന് എംഎൽഎമാരുടെ സസ്പെൻഷനിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഒരു ആക്രമണവും നടന്നിട്ടില്ലെന്നും സതീശൻ പറഞ്ഞു. സ്പീക്കറും സർക്കാരുമായി ഗൂഢാലോചന നടത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സസ്പെൻഷൻ അംഗീകാരമായി കാണുന്നുവെന്ന് പറഞ്ഞ അദ്ദേഹം പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും പറഞ്ഞു.
ഒരു കുറ്റവും ചെയ്യാതെയാണ് എംഎൽഎമാരെ സസ്പെൻഡ് ചെയ്തത്. തങ്ങൾ ഒരു ആക്രമണം നടത്തിയിട്ടില്ല. രണ്ട് എംഎൽഎമാർക്ക് ആണ് പരിക്കേറ്റത്. പ്രതിപക്ഷ അംഗങ്ങളെക്കാൾ കൂടുതൽ വാച്ച് ആൻഡ് വാർഡിനെ നിയോഗിച്ചു. ഈ സസ്പെൻഷൻ അയ്യപ്പന്റെ മുതൽ കവർന്നെടുത്തതിനെതിരെയുള്ള പോരാട്ടത്തിന്റെ അംഗീകാരമായി ജനം കരുതും. ഞങ്ങൾ അംഗീകാരമായി കരുതുന്നു. സസ്പെൻഷൻ നടത്തി പേടിപ്പിക്കാം എന്ന് കരുതുന്നുവെന്നും കവർച്ചക്കെതിരെയുള്ള ശബ്ദത്തെ ഇല്ലാതാക്കാൻ നോക്കുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
ഡൽഹിയിലും തിരുവനന്തപുരവും ഒക്കെ ഒരുപോലെയാണ്. സഭയ്ക്ക് പുറത്തേയ്ക്ക് സമരം ആരംഭിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിമാത്രമാണ് ഉത്തരവാദിയെങ്കിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കോടതി അറിഞ്ഞില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം കൂടി പോയേനെ. വിറ്റുവെന്ന് ഞാൻ പറഞ്ഞിട്ടില്ല കോടതിയാണ് പറഞ്ഞത്. ഏതു കോടീശ്വരന് വിറ്റുവെന്ന് പറയണം എന്ന് മാത്രമാണ് കടകംപള്ളിയോട് പറഞ്ഞത്. കടകംപള്ളിക്ക് കയ്യും കാലും വിറച്ച് ഇരിക്കുകയാണ്. അതുകൊണ്ടാണ് മാധ്യമങ്ങളെ കാണാത്തതെന്നും സതീശൻ പരിഹസിച്ചു. ഇത് തങ്ങളെല്ല കൊണ്ട് വന്നതെന്നും ഹൈക്കോടതിയാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ ബലിയാടാക്കി അവസാനിപ്പിക്കാൻ നോക്കുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.



