കോഴിക്കോട്: സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച ജാംന​ഗ‌‌‌‌​ർ സെഷൻസ് കോടതി വിധിക്കെതിരെ അടുത്തയാഴ്ച ​ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്. കോടതിയിൽ നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേത ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. താനും കുടുംബാംഗങ്ങളും നിരന്തര നീരീക്ഷണത്തിന് വിധേയരാകുകയാണെന്നും ശ്വേത ഭട്ട് ആരോപിച്ചു. 

മൂന്ന് പതിറ്റാണ്ട് കാലം രാജ്യത്തെ സേവിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചതെന്ന് പറയുന്ന ശ്വേത ഭട്ട് വിചാരണ സുതാര്യമായിരുന്നില്ലെന്നും, സാക്ഷികളെ വിസ്തരിക്കാന്‍ അവസരം കിട്ടിയില്ലെന്നും ആരോപിക്കുന്നു. 

"അന്വേഷണ സംഘം സഞ്ജീവിനെ ചോദ്യം ചെയ്തിട്ടുപോലുമില്ല. ഒരു കേസിന്‍റെ പേരില്‍ കസ്റ്റഡിയിലെടുക്കുക- ജാമ്യം നിഷേധിക്കുക- മറ്റൊരു കേസില്‍ ജീവപര്യപര്യന്തം ശിക്ഷ വിധിക്കുക. സഞ്ജീവ് ഭട്ടിനുണ്ടായ ഈ അനുഭവം രാജ്യത്തെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും വരുതിക്ക് നിര്‍ത്താനുളള നീക്കമാണ് ". ശ്വേതഭട്ട് പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ അഹമ്മദാബാദിലെ വീട്ടില്‍ നിന്ന് സഞ്ജീവിനെ അറസ്റ്റ് ചെയ്ത ശേഷം തന്‍റെ ജീവിതം ഒരിക്കലും പഴയതുപോലെ ആയിട്ടില്ലെന്ന് പറയുന്ന ശ്വേത ഭട്ട് വീടിനുള്ള സുരക്ഷ പിൻവലിച്ചതിലുൾപ്പെടെ സംശയം പ്രകടിപ്പിച്ചു. സഞ്ജീവ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലിഗ് സംഘടിപ്പിച്ച അംബ്രല്ല മാര്‍ച്ചില്‍ പങ്കെടുക്കാനാണ് ശ്വേത ഭട്ട് കോഴിക്കോട്ടെത്തിയത്.