സർക്കാരും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് എകെജി സെന്റർ ആക്രമണ കേസിൽ തന്നെ കുടുക്കിയതെന്നും കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ ആരോപിച്ചു.
തിരുവനന്തപുരം : നിരപരാധിയായ തന്നെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും മാനനഷ്ട കേസ് നൽകുമെന്നും എകെജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിൻ. ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷമായിരുന്നു ജിതിന്റെ പ്രതികരണം. സർക്കാരും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് എകെജി സെന്റർ ആക്രമണ കേസിൽ തന്നെ കുടുക്കിയതെന്നും കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ ആരോപിച്ചു.
എകെജി സെന്റര്‍ ആക്രണത്തെ കുറിച്ച് പൊലീസ് പറയുന്ന സമയത്ത് ഗൌരിശരപട്ടത്ത് ഊബർ ഓടുകയായിരുന്നുവെന്നാണ് ജിതിൻ വിശദീകരിക്കുന്നത്. വൈകിട്ട് 5 മണിവരെ കെഎസ്ഇബിക്കായി ഓടുന്ന വാഹനം വൈകിട്ട് ഊബർ ഓടിക്കാൻ നൽകും. അതിന്റെ വിവരങ്ങളും തെളിവുകളുമുണ്ട്. പൊലീസ് പറയുന്ന സമയത്ത് വാഹനത്തിൽ യാത്രക്കാരുണ്ടായിരുന്നുവെന്നതിനും തെളിവുണ്ട്. ഓഫീസിന് നേരെ ബോംബെറിയാൻ ആക്രമിയെത്തിയ സ്കൂട്ടിയെ കുറിച്ച് അറിവില്ല. പൊലീസ് പറയുന്ന ടീഷർട്ട് തന്റെയല്ല. ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലുമുള്ള ഫോട്ടോകളാണ് ടീഷർട്ട് തെളിവെന്ന് സ്ഥാപിക്കാൻ അന്വേഷണ സംഘം ഉപയോഗിച്ചത്. കേസിലെ മറ്റ് പ്രതികളെ ഒന്നിച്ച് പ്രവർത്തിക്കുന്നവർ എന്ന നിലയിൽ അറിയാമെന്നും ജിതിൻ വിശദീകരിച്ചു. കുടുംബത്തെ കേസിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചെന്നാരോപിച്ച ജിതിൻ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും അറിയിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് ഏകെജി സെന്റർ ആക്രമണക്കേസിലെ ഒന്നാം പ്രതിയായ ജിതിൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
എകെജി സെന്‍റര്‍ ആക്രമണ കേസ്, പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കഴിഞ്ഞ ജൂൺ 30 ന് രാത്രിയാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. സ്കൂട്ടറിലെത്തിയ യുവാവ് സ്ഫോടക വസ്‌തുവെറിഞ്ഞ് മടങ്ങുന്ന ദൃശ്യങ്ങൾ കിട്ടിയെങ്കിലും വ്യക്തതക്കുറവ് മൂലം ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പ്രതിക്കെതിരെ ഗൂഢാലോചന, സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കൽ, സ്ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവയ്‌ക്കൽ, അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.
