കോട്ടയം: പാലായിലെ സ്ഥാനാര്‍ത്ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറ‌ഞ്ഞു. ആരുടെയും പേര് ഇതുവരെ തീരുമാനമായിട്ടില്ല. നിഷ മത്സരിക്കുമോ എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിഷ ജോസ് കെ മാണി മത്സരിക്കുമോ എന്ന ചോദ്യത്തിനാണ്,തീരുമാനം ഒരു പേരിലേക്കും ഇതുവരെ എത്തിയിട്ടില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചത്. പാലായില്‍ നിഷ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തെന്ന വാര്‍ത്തയും സ്ഥാനാര്‍ത്ഥി നിഷ തന്നെ എന്നുറപ്പിക്കുന്നതായിരുന്നു. ജോസ് കെ മാണി മത്സരിക്കേണ്ടതില്ലെന്നാണ് യുഡിഎഫിലെ പൊതുവികാരമെന്നാണ് സൂചന. നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടും കേരളാ കോണ്‍ഗ്രസ് വനിതാ വിഭാഗവും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങളെ തള്ളാതെയും കൊള്ളാതെയും ജോസ് കെ മാണി പ്രതികരിച്ചിരിക്കുന്നത്. നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി ചോദിച്ചപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍,  നിഷ സ്ഥാനാര്‍ത്ഥിയായാല്‍ അംഗീകരിക്കില്ലെന്ന് പി ജെ ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.