Asianet News MalayalamAsianet News Malayalam

എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കുമോ? സസ്പെൻഷൻ വെള്ളിയാഴ്ച അവസാനിക്കും

സ്പ്രിംക്ലർ വിവാദം കത്തി നിൽക്കുമ്പോൾ സ്വന്തം ബോധ്യത്തിന്‍റെ അടിസ്ഥാനത്തിൽ തീരുമാനെടുത്തെന്ന് തുറന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ. മുഖ്യമന്ത്രി കണ്ണുമടച്ച് വിശ്വസിച്ച പ്രിൻസിപ്പൽ സെക്രട്ടറി. സ്വർണക്കടത്തോടെ എല്ലാ ഇമേജും പൊളിഞ്ഞു.. 

will m sivasankar be back in service govt stand crucial
Author
Thiruvananthapuram, First Published Jul 7, 2021, 11:05 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം.ശിവശങ്കറിന്‍റെ അറസ്റ്റോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ പ്രതിരോധത്തിലായത്. അറസ്റ്റിനും സസ്പെൻഷനും ശേഷം ഒരു വ‌ർഷമായി പുറത്ത് നിൽക്കുന്ന ശിവശങ്കറിന്‍റെ സസ്പെൻഷൻ കാലാവധി അടുത്ത വെള്ളിയാഴ്ച തീരും. തുടർനടപടിയിൽ സർക്കാർ തീരുമാനം വളരെ നിർണ്ണായകമാണ്.

സ്പ്രിംക്ലർ വിവാദം കത്തി നിൽക്കുമ്പോൾ സ്വന്തം ബോധ്യത്തിന്‍റെ അടിസ്ഥാനത്തിൽ തീരുമാനെടുത്തെന്ന് തുറന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ. മുഖ്യമന്ത്രി കണ്ണുമടച്ച് വിശ്വസിച്ച പ്രിൻസിപ്പൽ സെക്രട്ടറി. എന്നാൽ സ്പ്രിംക്ലറോടെ ഇടിഞ്ഞ പ്രതിച്ഛായ സ്വർണ്ണക്കടത്തോടെ പൊളിഞ്ഞു. മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥൻ പ്രതിസ്ഥാനത്തായി.

സ്വപ്നയും സർക്കാരുമായുള്ള കണ്ണിയെല്ലാം ശിവശങ്കറുമായി ബന്ധപ്പെട്ടാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശിവശങ്കർ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ജൂലൈ 16ന് സസ്പെൻഷനിലായി എം ശിവശങ്കർ. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഓക്ടോബർ 28-നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആയു‍ർവേദ ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. ഗൂഢാലോചനക്കുറ്റമാണ് ശിവശങ്കറിനെതിരെ കസ്റ്റംസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ചുമത്തിയത്. സ്വർണ്ണക്കടത്തിൽ ഒത്താശ ചെയ്തുവെന്ന് കസ്റ്റംസ്. ഇപ്പോൾ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് അദ്ദേഹത്തിന്.

സ്വപ്ന അനധികൃതപണമിടപാടുകൾ നടത്തിയത് ശിവശങ്കറിന് വേണ്ടിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണം ലൈഫ് മിഷനിൽ ശിവശങ്കറിന് കിട്ടിയ കമ്മീഷനെന്നാണ് ഇഡി പറയുന്നത്. 100 മണിക്കൂറാണ് എം ശിവശങ്കറിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തത്. എന്നാൽ എൻഐഎ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയോ സാക്ഷിയോ ആയില്ല. പക്ഷേ, സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനപൊലീസിന്‍റെ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ആരോപണത്തിൽ വിജിലൻസ് കേസിൽ പ്രതി കൂടിയായി എം ശിവശങ്കർ. അറസ്റ്റിന് ശേഷം മന്ത്രിമാരും സിപിഎം നേതാക്കളും ശിവശങ്കറെ കൂട്ടത്തോടെ തള്ളിപ്പറഞ്ഞു. അപ്പോഴും മുഖ്യമന്ത്രി ശിവശങ്കറെ കടുത്ത ഭാഷയിൽ തള്ളിപ്പറയാൻ തയ്യാറായില്ല.

98 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഫെബ്രുവരി നാലിന് ജാമ്യത്തിൽ പുറത്തിറങ്ങി എം ശിവശങ്കർ. സസ്പെൻഷൻ ഒരു വർഷമാകുമ്പോൾ ഇനി നീട്ടാൻ സംസ്ഥാനസർക്കാരിന് നിയമപരമായ തടസ്സമുണ്ട്. വിവാദമുണ്ടായതിന് ശേഷം ശിവശങ്കർ പരസ്യപ്രതികരണം നടത്തിയിട്ടില്ല. 2023 ജനുവരി വരെ സർവ്വീസ് കാലാവധിയുള്ള ശിവശങ്കറിന് സംസ്ഥാനസർവീസിലേക്ക് മടങ്ങിവരവ് ഉണ്ടാകുമോ? ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. 

Follow Us:
Download App:
  • android
  • ios