കൊച്ചി: കേരളത്തില്‍ പൗരത്വ രജിസ്റ്ററോ പൗരത്വ ഭേദഗതി നിയമമോ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ല. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള എനുമറേഷന്‍ നടപടികളോടും സംസ്ഥാനം സഹകരിക്കില്ല. വിദേശ പൗരന്‍മാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹം സമയം സെന്‍സസ് നടപടികളുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഉണ്ടായ കാലം മുതല്‍ ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. സ്വാതന്ത്രത്തിന് ശേഷം മതനിരപേക്ഷതയെ ആര്‍എസ്എസ് എതിര്‍ത്തു. പരസ്യമായി തന്നെ തങ്ങളുടെ മതവെറി അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസ് ഭാരതീയസംസ്കാരമല്ല പിന്തുടരുന്നത്. മതാധിഷ്ടിത നിലപാടാണ് ആര്‍എസ്എസ് സ്വീകരിക്കുന്നത്

മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ എന്നിവരാണ് ആഭ്യന്തര ശത്രുക്കൾ എന്നാണ് ആര്‍എസ്എസ് പറയുന്നത്. ഇതൊക്കെ ഹിറ്റ്ലറുടെ വാക്കുകളും നയങ്ങളുമാണ്. അങ്ങനെയുള്ള ആര്‍എസ്എസിന്‍റെ നയങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന്റെ ഭാഗമായാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നത്. മുസ്‍ലീങ്ങളെ പൂര്‍ണമായും മാറ്റി നിര്‍ത്തുകയാണ് ഇതിലൂടെ. 

ഭരണഘടനയും മതനിരപേക്ഷതയും ആര്‍എസ്എസ് തകർക്കുകയാണ്. ഇതിനെതിരെ യോജിച്ച പ്രതികരമാണ് ഉണ്ടാക്കേണ്ടത്. എന്നാല്‍ ഇവിടെ ചിലര്‍ക്ക് യോജിച്ചുള്ള പ്രക്ഷോഭം പിടിക്കാതെ വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഇന്നുള്ളതിനേക്കാൾ കൂടുതൽ പ്രാക്ഷോഭം സംഘടിപ്പിക്കേണ്ടതുണ്ട്. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ എല്ലാവരും ഒന്നിച്ചു നില്‍ക്കുക തന്നെ വേണം. 

കൊച്ചി കൃതി പുസ്തകോത്സവത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രളയസമയത്ത് കേരളത്തിലെ യുവജനങ്ങള്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചുവെന്നും രാജ്യത്തിന്‍റെ ജനാധിപത്യം അപകടത്തിലാകുമെന്ന ഘട്ടം വന്നപ്പോള്‍ ആരുടേയും ആഹ്വാനമില്ലാതെ മുന്നില്‍ നിന്നത് യുവാക്കളും വിദ്യാര്‍ത്ഥികളുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ യുവജനങ്ങളുടെ പ്രക്ഷോഭത്തെ കിരാതമായ രീതിയിലാണ് പലയിടത്തും നേരിട്ടതെന്നും ഇതിലേറ്റവും ഭീകരമാണ് ഐഷിഘോഷിന് നേരെയുണ്ടായ ആക്രമണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.