Asianet News MalayalamAsianet News Malayalam

നിലപാടിലുറച്ച് സർക്കാർ: ഗവർണറുടെ നയപ്രഖ്യാപനത്തിൽ നിന്ന് സിഎഎ വിരുദ്ധ പരാമ‌ർശം നീക്കില്ല

അതേസമയം, ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ പ്രമേയത്തെ സർക്കാർ പിന്തുണയ്ക്കില്ല. ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണിത്. 

will not remove anti caa remarks from governors speech on budget day
Author
Thiruvananthapuram, First Published Jan 27, 2020, 9:33 PM IST

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം നീക്കില്ലെന്ന് സർക്കാർ. ഗവർണറെ സർക്കാർ ഈ നിലപാട് അറിയിച്ചു. ഒരു ഏറ്റുമുട്ടലിനില്ലെന്നും, ഗവർണറെ തിരിച്ചുവിളിക്കണമെന്ന തരത്തിൽ പ്രതിപക്ഷം നൽകിയ നോട്ടീസിനെ സർക്കാർ അനുകൂലിക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. ഗവർണറെ നീക്കണമെന്ന പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. 

ഭരണഘടന സംരക്ഷിക്കാനാണ് സർക്കാർ ഇത്തരമൊരു പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽത്തന്നെ ഉൾപ്പെടുത്തിയതെന്ന് സർക്കാർ രാജ്ഭവന് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട് എന്നാണ് സൂചന. ഇത് സർക്കാർ നയമാണ്. ഭരണഘടന സംരക്ഷിക്കാനുള്ള നീക്കം കോടതിയലക്ഷ്യമാകില്ല. ഇതൊരു ഏറ്റുമുട്ടലിന് വേണ്ടിയുള്ള നീക്കമല്ല - എന്നും രാജ്ഭവന് നൽകിയ മറുപടിയിൽ സർക്കാർ ഗവർണറോട് വ്യക്തമാക്കുന്നു. 

ഗവർണർമാർ സാധാരണ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരുകളുടെ നിലപാടുകളാണ് ഉണ്ടാകാറ്. അത് തയ്യാറാക്കുന്നത് സംസ്ഥാനസർക്കാർ തന്നെയാകും. പിന്നീട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ശേഷമാകും ഈ നയപ്രഖ്യാപനപ്രസംഗം ഗവർണറുടെ ഓഫീസിന് കൈമാറുക. നയപ്രഖ്യാപനത്തിന്‍റെ പൂർണരൂപം ഗവർണർ വായിക്കണമെന്ന് നിർബന്ധമില്ല. യോജിപ്പില്ലാത്ത ഭാഗങ്ങൾ ഗവർണർക്ക് വായിക്കാതെ വിടാം. 

എന്ത് ചെയ്യും ഗവർണർ ഇനി?

പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ സംസ്ഥാനസർക്കാരിന്‍റെ പ്രമേയത്തിനെതിരെ ആദ്യം മുതലേ ഗവർണർ കടുത്ത വിമർശനവുമായി രംഗത്തുവന്നിരുന്നു. നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി ഫയൽ ചെയ്തതിൽ കടുത്ത അതൃപ്തിയാണ് ഗവർണർ രേഖപ്പെടുത്തിയത്. എന്തുകൊണ്ട് ഈ നീക്കം തന്നെ അറിയിച്ചില്ല എന്നാണ് ഗവർണർ ചോദിച്ചത്. ഇതിൽ സംസ്ഥാനസർക്കാരിനോട് ഗവർണർ വിശദീകരണവും തേടി.

ഭരണഘടനയുടെ 166-ാം അനുച്ഛേദത്തിന്‍റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സർക്കാരിന്‍റെ പ്രവർത്തനച്ചട്ടത്തിലെ 34(2)(4) ആണ് ഗവർണർ ചൂണ്ടിക്കാട്ടിയത്. സംസ്ഥാനവും കേന്ദ്രവും തമ്മിലോ മറ്റ് സംസ്ഥാനങ്ങളുമായോ ഉള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഉത്തരവിറക്കുന്നതിന് മുമ്പ് ഗവർണറെ മുഖ്യമന്ത്രി ഈ വിവരം അറിയിക്കണമെന്നാണ് ചട്ടം. ഇത് പാലിച്ചില്ലെന്നാണ് ഗവർണറുടെ ആരോപണം. 

എന്നാൽ കേന്ദ്രനിയമത്തിനെതിരെ സംസ്ഥാനസർക്കാർ സ്വീകരിച്ച നിലപാടിനോട് ഗവർണർ പരസ്യമായി വിയോജിച്ചതാണ്. ഇത് പൊതുസമക്ഷമുള്ളതിനാൽ കോടതിയെ സമീപിച്ച നീക്കം ഗവർണറെ അറിയിക്കണമെന്ന് മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടോ എന്ന ചോദ്യമുയരുന്നുണ്ട്. അത് അറിയിച്ചില്ല എന്നതിൽ ചട്ടലംഘനം മാത്രമേയുള്ളൂ എന്നും അതിൽ ഭരണഘടനാ ലംഘനമില്ലെന്നുമാണ് മറ്റൊരു വാദം. ജനാധിപത്യമര്യാദ പാലിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നീക്കം ഗവർണറെക്കൂടി അറിയിക്കുന്നതെന്നും ഭരണഘടനാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിന്‍റെ പേരിൽ ഗവർണർക്ക് നടപടി സ്വീകരിക്കാനാകില്ലെന്നും ചില നിയമവിദ‍ഗ്‍ധർ പറയുന്നു.

എന്തായാലും ചീഫ് സെക്രട്ടറി ടോം ജോസ് ഗവർണറെ നേരിട്ട് കണ്ട് നടപടി എന്തുകൊണ്ടെന്ന വിശദീകരണം നൽകിയിരുന്നതാണ്. തുടർന്ന് റിപ്പബ്ലിക് ദിനത്തിലടക്കം മുഖ്യമന്ത്രിയും ഗവർണറും ഒരേ വേദി പങ്കിടുകയും ഗവർണർ ഒരുക്കിയ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തു. 

ഇനി നയപ്രഖ്യാപനപ്രസംഗം നടക്കുമ്പോൾ, ഗവർണർ ഈ പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം വായിക്കാതെ വിടുമോ, അതോ, ഇങ്ങനെ ചില പരാമർശങ്ങളുണ്ട്, അത് താൻ വായിക്കാതെ വിടുകയാണെന്ന തരത്തിൽ പരാമർശങ്ങൾ നടത്തുമോ, അതോ സ്വന്തമായി പരാമർശങ്ങൾ നടത്തുമോ, പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് ഇതിനെതിരായ പരാമർശങ്ങൾ നടത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

നിലപാടിലുറച്ച് ചെന്നിത്തല, പ്രമേയം പിൻവലിക്കില്ല

ഗവർണറെ തിരിച്ചുവിളിക്കണമെന്ന ചെന്നിത്തലയുടെ പ്രമേയത്തോടെ സർക്കാർ വെട്ടിൽ വീണെന്നാണ് പ്രതിപക്ഷ വിലയിരുത്തൽ. ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന തന്‍റെ പ്രമേയത്തെ മന്ത്രിമാർ വിമർശിച്ചതാണ് ചെന്നിത്തല പുതിയ ആയുധമാക്കുന്നത്. ഗവർണറോടുള്ള മുഖ്യമന്ത്രിയുടെ മൃദുസമീപനം വീണ്ടും ശക്തമായി യുഡിഎഫ് ഉയർത്തിക്കാട്ടുന്നു.

പൗരത്വ പ്രശ്നത്തിലും ഗവർണർക്കെതിരായ പ്രതിഷേധത്തിലും യുഡിഎഫാണ് ഇടതിനെക്കാൾ ഒരു പടി മുന്നിലെന്ന് പറഞ്ഞുവെക്കുകയാണ് ചെന്നിത്തല. മനുഷ്യമഹാശൃംഖലയിലെ ന്യൂനപക്ഷ പ്രാതിനിധ്യം കോൺഗ്രസിന് തലവേദനയാകുന്നുണ്ട്. അതാണ് ഈ നീക്കത്തിന് പിന്നിൽ. ഗവർണറോട് ഇടപെടുമ്പോഴുള്ള സർക്കാരിന്‍റെ കരുതൽ ചെന്നിത്തലയുടെ നോട്ടീസിലും ആവർത്തിക്കുന്നു.

ഇതിനിടെ ചെന്നിത്തലയുടെ നോട്ടീസ് തള്ളണമെന്ന് മുൻ നിയമസഭാ സെക്രട്ടറി ബാബുപ്രകാശ് സ്പീക്കർ പി ശ്രീരാമകൃഷ്ണനോട് ആവശ്യപ്പെട്ടു. പ്രമേയം പാസ്സാക്കിയാലും അതിന് വിലയില്ലെന്നാണ് വിശദീകരണം. നോട്ടീസിൽ കാര്യോപദേശകസമിതി തീരുമാനമെടുക്കട്ടെയെന്നാണ് സ്പീക്കറുടെ നിലപാട്.

ഫെബ്രുവരി 29-നാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുക. അതും ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ.

Follow Us:
Download App:
  • android
  • ios