തിരുവനന്തപുരം: ഹയര്‍സെക്കന്‍ററി ഹൈസ്കൂള്‍ ലയനം നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദർ കമ്മിറ്റിയിലെ ശുപാർശകൾ തുഗ്ലക് പരിഷ്കാരത്തിന് സമാനമാണ്. തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഖാദർ കമ്മിറ്റി ശുപാർശകൾക്കെതിരെയുള്ള അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിന് പ്രതിപക്ഷത്തിന്‍റെ  പിന്തുണയുണ്ടാകും
.  പ്രതിഷേധ സൂചകമായി ഈ വർഷത്തെ സംസ്ഥാന-ജില്ല തല പ്രവേശനോത്സവം പ്രതിപക്ഷ അധ്യാപക സംഘടനകൾ ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. സ്കൂൾ തല പ്രവേശനോത്സവങ്ങൾ ബഹിഷ്കരിക്കില്ലെന്നും എന്നാൽ വിദ്യഭ്യാസ മന്ത്രിയുടെ എല്ലാ പരിപാടികളും പ്രതിപക്ഷ അധ്യാപക സംഘടനകൾ ബഹിഷ്കരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകിയത്.  പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിർപ്പിനിടെയാണ് ഖാദർ കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ നടപ്പാക്കാൻ  സർക്കാർ തീരുമാനിച്ചത്.

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാകുന്നതോടെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴിലാകും. ഒന്നു മുതൽ 12 ക്ലാസുവരെ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷനെന്ന എന്ന ഒറ്റ കുടിക്കീഴിലായിരിക്കും ഉണ്ടാകുക.

ഇതോടെ ഹൈസ്കൂളിനും ഹയർസെക്കന്‍ററിക്കുമായി പൊതുപരീക്ഷ ബോ‍ർഡ് രൂപീകരിക്കും. പുതിയ ഡയറക്ടർക്കായിരിക്കും ഹൈസ്ക്കൂൾ-ഹയർസെക്കണ്ടറി വിഎച്ച്എസ്ഇ പരീക്ഷ ബോർഡുകളുടെ ചുമതല. ഹൈസ്ക്കൂളും ഹയർസെക്കണ്ടറിയും ഉള്ള സ്കൂളിലെ സ്ഥാപനമേധാവി പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററുമായിരിക്കും.

ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എൽപി.യുപി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ല. എഇഒ. ഡിഇഒ ഓഫീസുകൾ നിർത്തലാക്കില്ല.