ലീഗ് അണികൾ എല്ലാ കാലത്തും സമാധാനത്തിനായി അണിനിരന്നവരാണ്. ആ നിലപാട് തുടരണമെന്നും കുഞ്ഞാലിക്കുട്ടി 

തിരുവനന്തപുരം: അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി എന്തായാലും അതിനെ മാനിക്കുക എന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് മുസ്‍ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. 'ലീഗ് അണികൾ എല്ലാ കാലത്തും സമാധാനത്തിനായി അണിനിരന്നവരാണ്.

മസ്ജിദ് തകർത്തപ്പോൾ കേരളത്തില്‍ പ്രശ്നങ്ങളൊന്നുമുണ്ടാകാതിരിക്കാൻ കാരണം, ശിഹാബ് തങ്ങളുടെ ഇടപെടലാണ്. ആ നിലപാട് തുടരണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിധിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അത് അറിയിക്കാൻ ജനാധിപത്യ മാർഗമുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ചരിത്രവിധിക്ക് മണിക്കൂറുകള്‍ മാത്രം; രാജ്യം കനത്ത സുരക്ഷയില്‍

അയോധ്യ കേസിൽ സുപ്രീംകോടതി ഇന്ന് രാവിലെ പത്തര മണിയോടെയാണ് വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസിൽ വിധി പറയുക. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറയുന്നത്. 
അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗ് വിളിച്ചുചേര്‍ത്താണ് കേസിൽ വിധി പറയുന്നത്.

134 വര്‍ഷം നീണ്ട നിയമ പോരാട്ടം : അയോധ്യ കേസ് നാള്‍വഴികള്‍

ആറ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിനും നിയമപോരാട്ടത്തിനും തീര്‍പ്പ് കല്‍പ്പിക്കാന്‍ പോവുകയാണ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്. 2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നൽകാൻ അലഹാബാദ് ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉൾപ്പടെയുള്ള മുസ്‍ലിം കക്ഷികളും സുപ്രീംകോടതിയിലെത്തി.