തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികളായ സരിത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാൻ നീക്കം. സ്വർണ്ണക്കടത്തിൽ സ്വപ്നയുൾപ്പെടെയുള്ളവരുടെ പങ്കാളിത്തം സംബന്ധിച്ച് ഇവർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇത് പിന്നീട് മാറ്റി പറയാതിരിക്കാനാണ് രഹസ്യ മൊഴിയെടുക്കുന്നതിന് തീരുമാനിച്ചത്. അടുത്തയാഴ്ച ഇതിനായി കസ്റ്റംസ് അപേക്ഷ നൽകും. 

അതേസമയം കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരി രാജിന് സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇന്നലെ പകൽ മുഴുവന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് അപ്പില്‍ സന്ദേശം അയച്ചത് കണക്കിലെടുത്താണ് ഹരി രാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. അടിയന്തര ബാഗ് ആണെന്നും പിടിച്ചുവെക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്നുമായിരുന്നു സന്ദേശം. 

സ്വര്‍ണക്കള്ളകടത്ത് കേസിലെ രാജ്യസുരക്ഷ സംബന്ധിച്ച കേസ് എൻഐഎ ഏറ്റെടുത്തു. ഇത് വരെ കസ്റ്റംസ് സ്ഥിരീകരിക്കാത്ത ഫാസില്‍ ഫരീദ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സരിത്,സ്വപ്ന സുരേഷ്, ഫാസിൽ, സന്ദീപ് നായര്‍ എന്നിവരാണ്  യഥാക്രമം ഒന്നുമുതല്‍ നാല് വരെ പ്രതികള്‍. എല്ലാ പ്രതികള്‍ക്കുമെതിരെ യുഎപിഎ നിയമത്തിലെ 16,17,18 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനത്തിനായി ആളുകളെ ചേര്‍ക്കുക, ഇതിനായി പണം ചെലവഴിക്കുക, ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയാണ് കുറ്റങ്ങള്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാകാം സ്വര്‍ണ്ണം കടത്തുന്നതെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്.