മലപ്പുറം: ശബരിമല വിധി രാഷ്ട്രീയവൽക്കരിച്ചുവെന്ന് കനകദുർഗ്ഗ. വിധി നിരാശപ്പെടുത്തുന്നില്ലെന്നും കനകദുർഗ്ഗ പ്രതികരിച്ചു. വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ എന്നും നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്നും കനകദുർഗ്ഗ വ്യക്തമാക്കി. കനകദുർഗയും ബിന്ദുവും ശബരിമലദർശനം നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 

ശബരിമല കയറി തിരിച്ചെത്തിയ കനകദുർഗയ്ക്ക് ഭ‍ർതൃമാതാവിൽ നിന്നും സഹോദരനിൽ നിന്നും മർദനമേറ്റെന്ന് ആരോപണമുയർന്നിരുന്നു. കനകദുർഗ, തന്നെയാണ് മർദിച്ചതെന്നാരോപിച്ച് ഭർതൃമാതാവും ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കോടതിവിധി നേടിയാണ് കനകദുർഗ ഭർതൃവീട്ടിലേക്ക് എത്തിയത്. എന്നാൽ വീട്ടിൽ തുടരാൻ വിസമ്മതിച്ച ഭർതൃമാതാവുൾപ്പടെയുള്ളവർ വേറെ വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു. 

ശബരിമലയിൽ ദർശനം നടത്തിയ വിരോധത്തിൽ കുട്ടികളെ കാണാൻ ഭർത്താവും വീട്ടുകാരും അനുവദിക്കുന്നില്ലെന്നും കനക ദുർഗയ പരാതിപ്പെട്ടിരുന്നു. ഒടുവിൽ കനകദുർഗക്ക് ആഴ്ച്ചയിൽ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശിക്കുകയായിരുന്നു.