ട്വന്റി ട്വന്റിക്ക് വോട്ടു ചെയ്തവർ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് ഇടതുപക്ഷ സ്ഥാനാർഥി ഡോ.ജോ ജോസഫ് പറഞ്ഞു. ട്വന്റി ട്വന്റിയും ആം ആദ്മിയും ഉയർത്തിയ രാഷ്ട്രീയം ഇപ്പോൾ ആരാണ് ഉയർത്തുന്നതെന്ന് നോക്കിയാൽ മതി

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (thrikkkara by election) ട്വന്റി ട്വന്റിയും(twenty twenty) ആംആദ്മിയും (aam admi) ചേർന്ന് സ്ഥാനാർഥിയെ നിർത്താത്തത് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫും. ട്വന്റി ട്വന്റിക്ക് വോട്ടു ചെയ്തവർ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് ഇടതുപക്ഷ സ്ഥാനാർഥി ഡോ. ജോ ജോസഫ്(dr joe joseph) പറഞ്ഞു. ട്വന്റി ട്വന്റിയും ആം ആദ്മിയും ഉയർത്തിയ രാഷ്ട്രീയം ഇപ്പോൾ ആരാണ് ഉയർത്തുന്നതെന്ന് നോക്കിയാൽ മതി. വിജയത്തെ കുറിച്ച് വലിയ ആത്മവിശ്വാസമുണ്ടെന്നും ഇടതുപക്ഷ സ്ഥാനാർഥി ഡോ. ജോ ജോസഫ് പറഞ്ഞു. 

അതേസമയം തൃക്കാക്കരയിൽ ആം ആദ്മി സ്ഥാനാർഥി ഇല്ലാത്തത് അവരുടെ ആഭ്യന്തര കാര്യമെന്ന് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പറഞ്ഞു. ആര് സ്ഥാനാർഥിയെ നിർത്തിയാലും ഇല്ലെങ്കിലും തൃക്കാക്കരയിൽ ജയം ഉറപ്പാണെന്നും ഉമ തോമസ് പറഞ്ഞു.

അതേസമയം 20 20യും ആം ആദ്മിയും മൽസരിക്കാത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 
സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇത് ഗുണം ചെയ്യും. യു ഡി എഫ് ഒരു ചർച്ചയും 20 20യുമായി നടത്തിയിട്ടില്ല. ശ്രീനിജൻ എം എൽ എയെ ആയുധമാക്കി കിറ്റക്സ് എന്ന സ്ഥാപനത്തെ ഇവിടെ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് യു ഡി എഫ് കൂട്ടുനിൽക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. 

ഉമ തോമസിനോട് എതിർപ്പില്ല;തൃക്കാക്കരയിൽ വിശ്വാസികൾ മനസാക്ഷി വോട്ട് ചെയ്യും-ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി 

കണ്ണൂർ: തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിനോട് എതിർപ്പില്ലെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പി ടി തോമസിനോട് ഉണ്ടായിരുന്ന എതിർപ്പ് ഉമ തോമസിനോട് ഇല്ല. ഗാഡ്കിൽ റിപ്പോർട്ടിലെ നിലപാട് കൊണ്ടാണ് പിടിയെ എതിർത്തത്. ഡോ.ജോ ജോസഫ് സഭയോട് ചേർന്ന് നിൽക്കുന്ന സ്ഥാനാർഥിയെന്ന വാദം ശരിയല്ല. പുരോഹിതർ രാഷ്ട്രീയം പറയും. ളോഹയിട്ടവർ രാഷ്ട്രീയം പറയേണ്ട എന്ന് നേതാക്കൾ വിലക്കേണ്ട. മുഖ്യധാര രാഷ്ട്രീയ പാർട്ടിയുടെ ഈ നിലപാട് വകവച്ച് കൊടുക്കില്ല
തൃക്കാക്കരയിൽ വിശ്വാസികൾ മനസാക്ഷി വോട്ട് ചെയ്യട്ടേയെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ട്വന്റി ട്വന്റിയുടെ പിന്മാറ്റം യുഡിഎഫുമായുള്ള അഡ്ജസ്റ്റ്മെന്റ്?പിടിയുടെ ആത്മാവ് പൊറുക്കില്ല-പി.വി.ശ്രീനിജൻ

കൊച്ചി: തൃക്കാക്കരയിൽ ട്വന്റി ട്വന്റിയുടെ പിന്മാറ്റം യൂഡിഎഫുമായുള്ള അഡ്ജസ്റ്റ്മെന്റ് ആണോ എന്ന് സംശയം പ്രകടിപ്പിച്ച് പി വി ശ്രീനിജൻ എം എൽ എ. വി ഡി സതീശന് സാബു ജേക്കബുമായി നല്ല ബന്ധം ഉണ്ട്.അഡ്ജസ്റ്റ്മെന്റ് ഉണ്ടെങ്കിൽ പി ടിയുടെ ആത്മാവ് കോൺഗ്രെസ്സുകാരോട് പൊറുക്കില്ലെന്ന് ശ്രീനിജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു