Asianet News MalayalamAsianet News Malayalam

എൽ ഡി എഫിന് ഭൂരിപക്ഷം കിട്ടിയാൽ രാജിവെക്കുമോ? ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും എ കെ ബാലൻ

എൽ ഡി എഫിന് അനുകൂലമോ അല്ലയോ എന്ന ജനവിധിയാവും ഇത്. എൽ ഡി എഫ് വലിയ ഭൂരിപക്ഷം നേടും. മറിച്ചായാൽ സർക്കാർ രാജിവെക്കണോയെന്ന് പ്രതിപക്ഷം ചോദിക്കട്ടെ

Will you resign if LDF gets majority asks A K Balan to Ramesh Chennithala and Mullappally Ramachandran
Author
Palakkad, First Published Dec 15, 2020, 10:51 AM IST

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ പ്രതിപക്ഷ നേതൃ സ്ഥാനം രാജിവെക്കുമോയെന്ന് രമേശ് ചെന്നിത്തലയോട് മന്ത്രി എ കെ ബാലൻ. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോടും ഇതേ ചോദ്യം അദ്ദേഹം ചോദിച്ചു. ഇല്ലെങ്കിൽ ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മാപ്പു പറയുമോ എന്നും മന്ത്രി ചോദിച്ചു. 

എൽ ഡി എഫിനെതിരായ ആരോപണം ജനം പുശ്ചിച്ചു തള്ളും. കേരള കോൺഗ്രസ് എം എൽ ഡി എഫിലെത്തിയതോടെ ജനകീയ അടിത്തറ വിപുലപ്പെട്ടു. ജമ അത്തെ ബന്ധം മുസ്ലിം ലീഗ് അണികളിൽ തെറ്റായ സന്ദേശം നൽകും. ജമ അത്തെ ബാന്ധവം കോൺഗ്രസിനും മുസ്ലിം ലീഗിനും നാശമാകും. പാലക്കാട് ഒറ്റ നഗരസഭയും കിട്ടാത്ത അവസ്ഥ യുഡിഎഫിനുണ്ടാകും.

എൽ ഡി എഫിന് അനുകൂലമോ അല്ലയോ എന്ന ജനവിധിയാവും ഇത്. എൽ ഡി എഫ് വലിയ ഭൂരിപക്ഷം നേടും. മറിച്ചായാൽ സർക്കാർ രാജിവെക്കണോയെന്ന് പ്രതിപക്ഷം ചോദിക്കട്ടെ. അപ്പോൾ മറുപടി പറയാം. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഏതെങ്കിലും ഒരു മുന്നണി കേവല ഭൂരിപക്ഷത്തിൽ എത്തുമോയെന്ന് പറയാനാവില്ല. 

സ്വർണക്കടത്ത് കേസിൽ ഇതുവരെ എത്ര ചോദ്യം ചെയ്യൽ കഴിഞ്ഞു. ജലീലിനെപ്പറ്റി എന്തെല്ലാം പറഞ്ഞു. ഏതെങ്കിലും ഒരു കേസിൽ സർക്കാരിനെതിരെ തെളിവു നിരത്താനായോ? അന്വേഷണ ഏജൻസികളെ ഭയമില്ല. അന്വേഷണം വഴിവിട്ട ഘട്ടത്തിലാണ് വിമർശനം ഉന്നയിച്ചത്. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ലൈഫിന്റെ ഗുണഭോക്താക്കളുടെ മുന്നിൽ പോയി പ്രതിപക്ഷ നേതാക്കൾ കുറ്റം പറഞ്ഞാൽ ആളുകൾ അവരെ ആട്ടി വിടുമെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios