ഇനി വെടിക്കെട്ട് പണിക്കില്ലെന്ന് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിൽസൺ. വെടിക്കെട്ട് പുരയിലെ അപകട സമയത്ത് 30ൽ താഴെ ആളുകൾ മാത്രമെ ഉണ്ടാകാൻ സാധ്യതയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകട സമയത്ത് 30ൽ താഴെ ആളുകൾ മാത്രമെ ഉണ്ടാകാൻ സാധ്യതയുള്ളുവെന്ന് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിൽസൺ. വെടിപ്പുരയിൽ അളവിൽ കൂടുതൽ മരുന്ന് ഉണ്ടായിരുന്നില്ല. കാലു വയ്യാത്തതിനാലാണ് സതീശന് ഓടാൻ കഴിയാതിരുന്നതെന്നും വിൽസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടത്തിൽ സ്ത്രീകളെയെല്ലാം രക്ഷപ്പെടുത്താനായി. കൊടും ചൂടായിരിക്കാം അപകടകാരണമെന്നും മറ്റൊരു സംശയം ഇല്ലെന്നും അദ്ദേഹം പറയുന്നു. 48 വർഷമായുള്ള ജോലിയാണ്. മക്കളുടെ നിർബന്ധം കാരണം ഇനി വെടിക്കെട്ട് പണിക്കില്ലെന്നും വിൽസൺ പറഞ്ഞു.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. 13 പേർക്കാണ് സ്ഫോടനത്തിൽ ജീവൻ നഷ്ടമായത്. പരിക്കേറ്റ് 11 പേർ ചികിത്സയിലാണ്. 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേർ വെന്റിലേറ്ററിലാണുള്ളത്. ജീവൻ നഷ്ടപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. നിലവില്‍ 5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു എന്നാണ് മന്ത്രി കെ രാജൻ വ്യക്തമാക്കിയത്.
അപകടത്തിൽപെട്ടവർക്കുള്ള ധനസഹായം കാബിനറ്റ് ഇന്ന് തീരുമാനിക്കും. ലൈസൻസി സതീശന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രിച്ചറിയാനാകാത്ത ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന നടത്തി തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ നിന്നുള്ള സംഘം തൃശ്ശൂരിൽ എത്തിയിട്ടുണ്ട്.



