കോഴിക്കോട്: മദ്യവിതരണത്തിനായി സര്‍ക്കാരുണ്ടാക്കിയ ബിവ്കോ ആപ്പിലെ ബുക്കിംഗിന് ഓണക്കാലമായതടെ  ബാറുകളില്‍ പുല്ലുവില. ഒരുബുക്കിംഗുമില്ലാതെ ഏത്ര ലിറ്റര്‍ മദ്യം വേണമെങ്കിലും കിട്ടുമെന്ന സ്ഥിതിയാണ് സംസ്ഥാനത്തെ മിക്ക ബാറുകളിലുമുള്ളത്. കോഴിക്കോട്ടെ ചിലയിടങ്ങളില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഈ  അനധികൃത വില്‍പ്പന പൊടിപൊടിക്കുന്നത്. ബാറില്‍ എത്തുന്ന കൂടുതല്‍ ജീവനക്കാരുമെത്തുന്നത്  ആപ്പില്ലാതെയാണ് ബാര്‍ ജീവനക്കാരും പറയുന്നു.

ആപ്പില്‍ ബുക്ക് ചെയ്യാതെ വന്നാലും കുപ്പി ലഭിക്കും. അതിന് മുടക്കമില്ല. മൂന്ന് ലിറ്ററിലും കൂടുതല്‍ മദ്യം ബാറുകളില്‍ നിന്ന് ലഭിക്കും. ബെവ്കോ ആപ്പിലൂടെ ബുക്ക് ചെയ്തുവേണം  മദ്യം വാങ്ങാനെന്നാണ് വെപ്പ്. പക്ഷെ ആപ്പിന്‍റെ ശൗര്യം പണ്ടെപോലെ ഇപ്പോള്‍ ഫലിക്കുന്നില്ല. മദ്യം വാങ്ങാനിപ്പോള്‍ ആപ്പ് വേണമെന്ന് നിര്‍ബന്ധം ഇവിടെയില്ല. കോഴിക്കോട് വടകര, താമരശേരി, മുക്കം, കളംതോട് എന്നിവിടങ്ങളിലെ ബാറുകളില്‍ കണ്ട സമാനമായ കാഴ്ചയാണ് സംസ്ഥാനത്തെ മറ്റിടങ്ങളിലും കാണാന്‍ സാധിക്കുക.

താമരശേരിയിലെ ബാറില്‍ ഗേറ്റിനടുത്തുനിന്ന് ബാര്‍ ജിവനക്കാരാണ് ആളുകളെ അകത്തേക്ക് കയറ്റിവിടുക. ഏഷ്യാനെറ്റ് ന്യൂസ് സംഘമെത്തുമ്പോള്‍ ബാറില്‍ എക്സൈസുദ്യോഗസ്ഥരുമുണ്ടായിരുന്നു.  ടോക്കണില്ലാത്തവര്‍ മദ്യം വാങ്ങിപോകുന്നത് കണ്ടിട്ടും അവര്ക്ക് ഒരു കൂസലുമില്ല . ഒരു പരിശോധനയും നടത്താതെ അവര്‍ തിരികെ പോയി. ഒരാള്‍ക്ക് മൂന്നു ലിറ്റര്‍ മാത്രമെ മദ്യം നല്കാവു എന്നാണ് എക്സൈസ് ചട്ടം. ഇത് കോഴിക്കോട് ജില്ലയിലെ ഒരു ബാറും പാലിക്കുന്നില്ല. മുപ്പതോ നാല്‍പതോ ലിറ്റര്‍ മദ്യം നല്‍കാന്‍ വരെ എല്ലാവരും റെഡിയാണ്.

ഈ ചട്ടലംഘനത്തെകുറിച്ച് പരാതിപ്പെട്ടപ്പോള്‍ ഏക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പോലും നടപടിയില്ല. ടോക്കണില്ലാത്തവര്‍ക്ക് മദ്യം വില‍്ക്കുന്നില്ലാത്തത് മൂലം സര്‍ക്കാരിന്‍റെ ബിവറേജ് ഒട്ട് ലെറ്റുകളില്‍ ഒരിടത്തും ക്യൂവില്ല. അളവില്‍ കുടുതല്‍ മദ്യം ലഭിക്കുന്നതിനാല്‍ ഗ്രാമീണമേഖലയില്‍ ചില്ലറ വില്‍പന തകൃതിയായി നടക്കുന്നുവെന്നതാണ് മറ്റൊരു ഗൗരവമുള്ള കാര്യം. ഇങ്ങനെയോക്കെ വിതരണം ചെയ്യാനാണെങ്കില്‍ എന്തിനാണ് കൊട്ടിഘോഷിച്ച് ബെവ്കോ ആപ്പ് തുടങ്ങിയത്.