മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് വി ഡി സതീശൻ്റെ നിർദ്ദേശം. വൻ തുക ചെലവിൽ മോടി പിടിപ്പിക്കേണ്ടെന്നും ചില്ലറ അറ്റകുറ്റപണി മാത്രം മതിയെന്നുമാണ് നിർദ്ദേശം. മന്ത്രി മന്ദിരങ്ങളും മൊടി പിടിപ്പിക്കേണ്ടെന്ന് സതീശൻ നിർദ്ദേശം നൽകി.
തിരുവനന്തപുരം: ധൂർത്തില്ലാതെ ഭരണം തുടങ്ങാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. ക്ലിഫ് ഹൗസും മന്ത്രിമാരുടെ വസതിയും വൻ തുക ചെലവിട്ട് മോടിപിടിപ്പിക്കേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ്റെ നിർദ്ദേശം. അടിയന്തര അറ്റകുറ്റപ്പണി മാത്രം മതിയെന്നും ധൂർത്ത് വേണ്ടെന്നുമാണ് ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസിലും മോടിപിടിപ്പിക്കൽ വേണ്ടെന്നും സതീശൻ നിർദ്ദേശിച്ചു.
വാഹനവ്യൂഹം ഒഴിവാക്കിയതിന് പിന്നാലെ കയ്യടി നേടുന്ന അടുത്ത തീരുമാനവുമായി വിഡിഎസ്. കഴിഞ്ഞ പത്ത് വർഷക്കാലം ഏറെ ചർച്ചയായിരുന്നു ക്ലിഫ് ഹൗസ് നവീകരണം. 20 ലക്ഷത്തിലേറെ ചെലവിട്ട് ലിഫ്റ്റ് നിർമ്മാണം, വൻ തുക മുടക്കിയുള്ള കാലിത്തൊഴുത്ത് നവീകരണം, സെക്യൂരിറ്റി ഗാർഡ് റൂം അങ്ങിനെ ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണികൾ പിണറായി കാലത്തെ ധൂർത്തായി എന്നും വിമർശനം ഉയർന്നു. കോടികൾ വീശിയെറിഞ്ഞുള്ള മുഖം മിനുക്കൽ വേണ്ടെന്നാണ് സതീശൻ്റെ നിർദ്ദേശം. വീട്ടിൽ മാത്രമല്ല, ഓഫീസിലും അത്യാവശ്യമെങ്കിൽ മാത്രം അറ്റകുറ്റപ്പണി മതിയെന്നാണ് നിയുക്ത മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അധികാരം മാറുമ്പോഴുള്ള കൊണ്ടുപിടിച്ച മന്ത്രിമന്ദിര മോടിപിടിപ്പിക്കലും വേണ്ടെന്നും നിർദ്ദേശം. ഉമ്മൻചാണ്ടിയുടെ സമയതം മാധ്യമപ്രവർത്തകർക്കം എളുപ്പത്തിൽ പ്രവേശിക്കാവുന്ന സ്ഥലമായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. പക്ഷെ പിണറായി വന്നതോടെ സെക്രട്ടറിയേറ്റെന്ന പോലെ ക്ലിഫ് ഹൗസിലും വന്നത് കടുത്ത വിലക്കുകളാണ്. ദേവസ്വം ബോർഡ് ജംഗ്ക്ഷൻ മുതൽ ക്ലിഫ് ഹൗസ് പരിസരത്തേക്കടക്കം സുരക്ഷാ ക്രമീകരണങ്ങൾ സാധാരണക്കാരുടെ യാത്രയെവരെ ബാധിച്ചു. ജനങ്ങളെ വലക്കും യാത്രാക്രമീകരണങ്ങൾ വേണ്ടെന്ന് തീരുമാനിച്ച നിയുക്ത മുഖ്യമന്ത്രി ക്ലിഫ് ഹൗസ് പരിസരത്തെ സുരക്ഷയിലും ഇളവ് കൊണ്ടുവരാനും സാധ്യതയുണ്ട്.
പിണറായി വിജയൻ സര്‍ക്കാരിന്‍റെ പത്ത് വര്‍ഷക്കാലം ഏറെ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. ഏഴ് കിടപ്പ് മുറികളാണ് ഇവിടെയുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. ഒരു ഓഫിസ് മുറി. ഒരു കോൺഫറൻസ് ഹാൾ. ഔദ്യോഗിക വസതിയിലെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും പരിചാരകരുടെയും ഉപയോഗത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങളും കോംപൗണ്ടിലുണ്ട്. മൊത്തം 4.2 ഏക്കറാണ് ക്ലിഫ് ഹൗസ് കോംപൗണ്ട്. എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ഭരണക്കാലത്ത് സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്‍റെ അടക്കമുള്ള മോടി പിടിപ്പിക്കല്‍ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ മാത്രം ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി 31,92, 360 രൂപയാണ് ചെലവിട്ടത്. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.


