Asianet News MalayalamAsianet News Malayalam

പലസ്തീനില്‍ പാര്‍ട്ടി നിലപാടിനൊപ്പം; ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ കെ ശൈലജ

താന്‍ പലസ്തീനൊപ്പമാണെന്നും അവര്‍ക്ക് അവരുടെ രാജ്യം വേണമെന്നും ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലെന്നും കെ.കെ. ശൈലജ ഇന്നലെ പറഞ്ഞിരുന്നു

With the party position on Palestine; KK Shailaja said that she is firm in her criticism of Hamas
Author
First Published Oct 18, 2023, 2:25 PM IST

കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ വീണ്ടും വിശദീകരണവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. പലസ്തീന്‍ വിഷയത്തിലെ നിലപാട് പാര്‍ട്ടി നിലപാട് തന്നെയാണെന്നും എന്നാല്‍, ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. പലസ്തീനില്‍ പാര്‍ട്ടി നിലപാട് തന്നെയാണ് തന്‍റെയും നിലപാട്. എന്നാല്‍, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ആ നിലക്കാണ് ഹമാസിനെ വിമര്‍ശിച്ചത്. ആ വിമര്‍ശനം ഇപ്പോഴുമുണ്ടെന്നും കെ.കെ. ശൈലജ കൂട്ടിചേര്‍ത്തു.

താന്‍ പലസ്തീനൊപ്പമാണെന്നും അവര്‍ക്ക് അവരുടെ രാജ്യം വേണമെന്നും ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലെന്നും കെ.കെ. ശൈലജ ഇന്നലെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ വീണ്ടും മറുപടിയുമായി കെകെ ശൈലജ രംഗത്തെത്തിയത്. ഹമാസ് യുദ്ധതടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും എന്ത് പിഴച്ചു?. എന്നാല്‍, ഇസ്രായേൽ ക്രൂരത ചെയ്തല്ലോ, അതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇരുഭാഗത്തുമുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.


കഴിഞ്ഞദിവസം കെ കെ ശൈലജയുടെ ഈ വിഷയത്തിലെ പ്രതികരണത്തിനെതിരെ ഒരു വിഭാഗം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഫേയ്സ്ബുക്ക് പോസ്റ്റില്‍ ഹമാസിനെ ഭീകരര്‍ എന്ന് പറഞ്ഞതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഫേയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നേരത്തെ തന്നെ ഇക്കാര്യത്തില്‍ കെ.കെ. ശൈലജ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ പ്രചാരണം നടത്തിയത് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണെന്നും ഫേയ്സ്ബുക്ക് പോസ്റ്റ് ഡീലിറ്റ് ചെയ്തിട്ടില്ലെന്നും ഇനിയും ആര്‍ക്കുവേണമെങ്കിലും വായിച്ചുനോക്കാമെന്നും കെ.കെ. ശൈലജ ഇന്നലെ വ്യക്തമാക്കിയിരുന്നു.

യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നുമായിരുന്നു കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമർശം. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രായേൽ ഇപ്പോൾ പ്രഖ്യാപിച്ച കര യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും  അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും കെകെ ശൈലജ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
പലസ്തീനൊപ്പമെന്ന് കെ.കെ. ശൈലജ; 'ഹമാസിന്‍റെ വിലപേശല്‍ അംഗീകരിക്കാനാകില്ല'

Follow Us:
Download App:
  • android
  • ios