നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ചവർക്കെതിരെ കേരളത്തിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ദില്ലിയിൽ രാഹുൽ ഗാന്ധിക്കൊപ്പം സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി, കേരളത്തിൽ കേസെടുക്കുന്നത് ഔചിത്യമല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേട് വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തർ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ ചാർജ് ചെയ്ത എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. വിദ്യാർഥികളും യുവജനങ്ങളും സാംസ്കാരിക പ്രവർത്തകരും അടക്കമുള്ള പൊതുസമൂഹം കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്നിരുന്നു. ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്‍റെ പേരിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേരളാ പൊലീസ് കേസെടുത്തതായാണ് വിവരങ്ങൾ പുറത്തുവരുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി. സമരം ഒത്തുതീർക്കുന്നതിന്‍റെ ഭാഗമായി എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ അത്തരമൊരു തീരുമാനം യു ഡി എഫ് സർക്കാർ കൈകൊണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിക്കൊപ്പം ദില്ലിയിലെ പ്രതിഷേധത്തിൽ അണിനിരന്ന മുഖ്യമന്ത്രിയായിട്ടും കേരളത്തിലെ സര്‍ക്കാര്‍ ഇത്തരത്തിൽ കേസെടുത്തത് ഔചിത്യപരമല്ല എന്നും പിണറായി ചൂണ്ടിക്കാട്ടി.
കത്തിന്‍റെ പൂർണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി വിദ്യാർഥികളും യുവാക്കളും നടത്തിയ ഐതിഹാസികമായ പ്രക്ഷോഭം രാജ്യത്തിന്‍റെ പൊതു മനഃസാക്ഷിയുടെയാകെ പിന്തുണ ആര്‍ജിച്ച ഒന്നായിരുന്നുവല്ലോ. കേരളവും ഒറ്റക്കെട്ടായാണ് ആ സമരത്തിന് പിന്തുണ നല്‍കുകയും അതിന്‍റെ ഭാഗമാവുകയും ചെയ്തത്. സമരം ഒത്തുതീര്‍ന്നപ്പോള്‍ മറ്റ് ആവശ്യങ്ങള്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സമരത്തിന്‍റെ പേരില്‍ മറ്റ് പീഡനങ്ങള്‍ ഉണ്ടാവില്ല എന്നും ഉറപ്പ് നല്‍കി. എന്നാല്‍, ആ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പല ജില്ലകളിലും പൊലിസ് കേസെടുത്തിട്ടുണ്ട്. ഈ കേസുകള്‍ പിന്‍വലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സമാധാനപരമായി സമരത്തില്‍ ഭാഗഭാക്കായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും യുവാക്കള്‍ക്കെതിരെയും ഡല്‍ഹിയിലേതിന് സമാനമായി സംസ്ഥാനത്ത് ജലപീരങ്കികളും ലാത്തിച്ചാര്‍ജ്ജും ഉണ്ടായി. അതിന്‍റെ തുടര്‍ച്ചയായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിന്‍റെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമായിപ്പോയി. ദില്ലിയില്‍ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടെങ്കിലും അങ്ങ് നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍, ദില്ലി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒത്തുചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായി കേസെടുത്തത് ഔചിത്യപരമല്ല എന്ന് സൂചിപ്പിക്കുകയാണ്. സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ഭാഗമായവര്‍ക്ക് എതിരെ പോലും കള്ളക്കേസുകള്‍ വന്നിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. എറണാകുളത്ത് പ്രതിഷേധവുമായി ഒത്തുകൂടിയ റാപ്പര്‍ വേടനും സംഘത്തിനുമെതിരെ കേസെടുത്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പോലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ പ്രതികളാക്കി കേരളത്തില്‍ എടുത്ത കേസുകള്‍ തുടരുന്നത് ഉചിതമല്ല. വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ കേരള പൊലീസ് ചുമത്തിയിട്ടുള്ള മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

