നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ യുവതിയെ കരുതൽ തടങ്കലിലാക്കി പൊലീസ്.
തിരുവനന്തപുരം: നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ യുവതിയെ കരുതൽ തടങ്കലിലാക്കി പൊലീസ്. വെട്ടുകാട് ബാലനഗർ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രേഖയെയാണ് തുടർച്ചയായ കേസുകളെത്തിയതോടെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പേട്ട പൊലീസ് സ്റ്റേഷനിൽ വെച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ഇവരെ അട്ടകുളങ്ങര വനിതാ ജയിലിൽ എത്തിച്ച് കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കുകയായിരുന്നു.
വീട്ടിൽ വച്ചായിരുന്നു എംഡിഎംഎ ഉൾപ്പടെ ലഹരിപദാർഥങ്ങൾ ഇവർ വിൽപ്പന നടത്തിയിരുന്നത്. കഴക്കൂട്ടത്ത് നിന്ന് ഡാൻസാഫ് പിടികൂടിയ യുവാവിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് രേഖയുടെ വീട്ടിൽ മാസങ്ങൾക്ക് മുമ്പ് നടത്തിയ റെയ്ഡിൽ ഇവരിൽ നിന്ന് 38 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തിന് പിന്നാലെ ജയിൽവാസത്തിന് ശേഷം വീണ്ടും സമാനമായ നടപടികളുമായി ഇവർ മുന്നോട്ട് പോകുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ.














