Asianet News MalayalamAsianet News Malayalam

'തെറ്റ് ചെയ്തില്ല, നിരപരാധിത്വം തെളിയിക്കും'; ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് വീട്ടിലെത്തി

ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസ്, തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്.

Woman assault case accused  Eldhose Kunnappilly mla came back
Author
First Published Oct 21, 2022, 7:38 AM IST

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവില്‍ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസ്, തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ എൽദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.

ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവര്‍ത്തിക്കുകയാണ് എൽദോസ് കുന്നപ്പിള്ളിൽ. പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമായി ഇന്നലെ ഫോണില്‍ സംസാരിച്ചുവെന്നും എൽദോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ച്, വക്കിലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംഎൽഎ ഓഫീസ് അടച്ചിട്ടില്ല, എല്ലാ ദിവസവും തുറന്നിരുന്നു. ഒരു ജീവിയെയും ഉപദ്രവിക്കാൻ തനിക്ക് കഴിയില്ല. താൻ പൂർണ്ണമായി നിരപരാധി ആണ്. പരാതിക്കാരിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നും എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ക്രൈംബ്രാഞ്ച് സത്യം പുറത്ത് കൊണ്ട് വരുമെന്നും നിരപരാധി ആണെന്ന് തെളിയിക്കാൻ എന്റെ കൈയ്യിൽ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി കൂടെ നില്‍ക്കും എന്ന് പ്രതീക്ഷയുണ്ട്. ഇപ്പോൾ ഉയർന്നിട്ടുള്ളത് ആരോപണം മാത്രമാണ്. ഉമ്മൻ‌ചാണ്ടി അടക്കമുള്ളവർ ആരോപണം നേരിട്ടുട്ടുണ്ട്. തനിക്ക് എതിരെ ഉയർന്നത് കളവായ ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: 'കേരളം വിടരുത്'; ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം

മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും കടുത്ത നിബന്ധനകളാണ് കോടതി എൽദോസിന് മുന്നിൽ വച്ചിട്ടുള്ളത്. 11 ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചിട്ടുള്ളത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, കേരളം വിടരുത് തുടങ്ങി, പാസ്പോർട്ടും ഫോണും സറണ്ടർ ചെയ്യണം എന്നു വരെയുള്ള നിബന്ധനകൾ ഇതിലുൾപ്പെടുന്നു. 

ജാമ്യ ഉപാധികൾ ഇവയൊക്കെ...
1. കേരളം വിട്ടുപോകരുത്
2.  പാസ്പോർട്ട് സറണ്ടർ ചെയ്യണം
3. മൊബൈൽ ഫോൺ സറണ്ടർ ചെയ്യണം

4. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാണോ പാടില്ല
5. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്
6. സാമൂഹിക മാധ്യമങ്ങളിൽ  പ്രകോപനപരമായ പോസ്റ്റിടരുത്
7. സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകണം
8. അന്വേഷണവുമായി സഹകരിക്കണം
9. അഞ്ച് ലക്ഷം രൂപ ജാമ്യത്തുക, അല്ലെങ്കിൽ തത്തുല്യമായ രണ്ട് ആൾ ജാമ്യം
10. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ 10 ദിവസം സമയം 
11. ഒക്ടോബർ 22നും നവംബർ 1നും ഇടയിൽ ഹാജരായാൽ മതി

 

Follow Us:
Download App:
  • android
  • ios