കൊല്ലം പുത്തൂരിൽ യുവതി വാടകവീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. പുത്തൂർ വെണ്ടാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്മിതയാണ് മരിച്ചത്. ഇവരുമായി അടുപ്പമുണ്ടായിരുന്ന ഭർത്താവിന്‍റെ ബന്ധുവും മങ്ങാട് സ്വദേശിയുമായ സനീഷിന്‍റെ മൃതദേഹം കൊല്ലത്തെ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തി.

പുത്തൂർ വെണ്ടാറിൽ രണ്ടുവര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്‍മിത. വിദേശത്തുള്ള ഇവരുടെ ഭർത്താവിന്‍റെ ബന്ധുവായ സനീഷ് ഈ വീട്ടിലെ നിത്യ സന്ദർശകൻ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് രാവിലെ സനീഷ് സ്മിതയുടെ സുഹൃത്തിനെ വിളിച്ച് സ്മിതയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു.

ഇതനുസരിച്ച് വീട്ടിലെത്തിയ സുഹൃത്താണ് അത്യാസന്ന നിലയിൽ കിടക്കുന്ന സ്മിതയെ കണ്ടത് . ആശുപത്രിയിൽ എത്തിക്കും മുൻപ് സ്മിത മരിച്ചു. സുഹൃത്ത് എത്തുംമുന്‍പ് കടന്ന് കളഞ്ഞ സനീഷ് മൊബൈല്‍ ഫോൺ ഓഫാക്കുകയും  ചെയ്തിരുന്നു. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത് . സംഭവത്തെക്കുറിച്ചു പുത്തൂർ പോലീസ് അന്വേഷണം തുടങ്ങി