ആലപ്പുഴ: ഹരിപ്പാട് പിലാപ്പുഴയിൽ തെരുവ് നായയുടെ കടിയേറ്റ് വൃദ്ധയ്ക്ക് ദാരുണാന്ത്യം. 87 കാരി രാജമ്മയാണ് മരിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഇവർ ചപ്പുചവറുകള്‍ക്ക് തീയിടാൻ പുറത്തിറങ്ങിയപ്പോഴാണ് തെരുവ് നായ ആക്രമിച്ചത്. രാത്രി ഏഴരയോടെയാണ് ദാരുണ സംഭവമുണ്ടായത്. റിട്ടയേര്‍ഡ് അധ്യാപികയായ രാജമ്മ ഏറെ നാളായി വീട്ടിൽ ഒറ്റയ്ക്കാണ് താമസം. മൂന്ന് മക്കളുണ്ടെങ്കിലും ഇവർ കൂടെയില്ല. രാത്രിയിൽ കൂട്ടുകിടക്കാൻ എത്തിയ അയൽക്കാരിയായ സ്ത്രീയാണ് ചോരയിൽ കുളിച്ച് ബോധമറ്റ് കിടക്കുന്ന രാജമ്മയെ കാണുന്നത്. 

തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് രാജമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റെന്ന് വ്യക്തമായത്. നാട്ടുകാരുടെ മൊഴി തന്നെയാണ് പൊലീസ് ഇപ്പോൾ പരിഗണിക്കുന്നത്. തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവ് മരണകാരണമായെന്നാണ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. ദേഹമാസകലം കടിയേറ്റ പാടുകളുമുണ്ട്. രാവിലെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും.