അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാന്‍ പോയതായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍.  വൈകിട്ട് മൂന്നേകാലോടെയാണ് അപകടം.

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവതി മരിച്ചു. പറവൂര്‍ സ്വദേശിനി വിജി (45) ആണ് മരിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാന്‍ പോയതായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍. വൈകിട്ട് മൂന്നേകാലോടെയാണ് അപകടം.

അതേസമയം പാറശാലയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുവയസുകാരന്‍ മരിച്ചു. അമ്മ ഓടിച്ച സ്കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞാണ് അഞ്ച് വയസുകാരന്‍ മരിച്ചത്. പാറശാല ചാരോട്ടുകോണം സുനിലിന്‍റെയും മഞ്ജുവിന്‍റെയും മകൻ പവിൻ സുനിലാണ് മരിച്ചത്. ഇരട്ടക്കുട്ടികളുമായി സ്കൂട്ടറിൽ യാത്ര ചെയ്യവേ ആണ് അപകടം ഉണ്ടായത്. വീടിന് മുന്നിലെ കൈത്തോടിന്‍റെ പാലം മുറിച്ചു കടക്കുന്നതിനിടെ അമ്മ ഓടിച്ച സ്കൂട്ടര്‍ തെന്നി വീഴുകയായിരുന്നു. തോട്ടിൽ വെള്ളമുണ്ടായിരുന്നില്ല. പാലത്തിൽ നിന്ന് വീണ സ്കൂട്ടറിനടിയിൽപ്പെട്ടാണ് അഞ്ച് വയസുകാരൻ മരിച്ചത്. മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലാണ്. പരിക്കേറ്റ അമ്മ മഞ്ചുവിനെയും ഇരട്ട സഹോദരനെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.