ചൊവ്വാഴ്ച വൈകിട്ടാണ് ഷാനവാസ് ആതിരയെ തീകൊളുത്തിയത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിന്‍റെ പേരിലായിരുന്നു ക്രൂരത. 

കൊല്ലം: നവമാധ്യമത്തിൽ വീഡിയോ ഷെയർ ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ കാമുകൻ തീകൊളുത്തി കൊന്നു. കൊല്ലം ഇടമുളയ്ക്കലിലാണ് സംഭവം. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര (28) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കാമുകൻ ഷാനവാസ് ചൊവ്വാഴ്ച വൈകിട്ടാണ് ആര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

ഗുരുതരമായി പരുക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കൊല്ലപ്പെട്ട ആതിര ഇൻസ്റ്റഗ്രാമിൽ അടിക്കടി വീഡിയോ ഷെയർ ചെയ്തിരുന്നു. കാമുകനായ ഷാനവാസിന് ഇതിൽ എതിർപ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാനവാസ് ആതിരയെ തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ആതിരയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഷാനവാസും ചികിത്സയിലാണ്. ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച ശേഷം ആതിരയും ഷാനവാസും കഴിഞ്ഞ രണ്ടുവർഷമായി ഒന്നിച്ച് കഴിയുകയായിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ആറുമാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ട്.