തൊടുപുഴ: കേരളാകോണ്‍ഗ്രസ് എം പിളര്‍പ്പിന് പിന്നാലെ വനിതാ കേരളാകോണ്‍ഗ്രസും പിളര്‍ന്നു. അധ്യക്ഷ ഷീല സ്റ്റീഫന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം തൊടുപുഴയില്‍ യോഗം ചേര്‍ന്ന് പി ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു.

പാര്‍ട്ടിയിലെ പിളര്‍പ്പ് താഴേത്തട്ടിലേക്കും പോഷകസംഘടനകളിലേക്കും വ്യാപിക്കുകയാണ്. പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും  പിരിഞ്ഞതിന് പിന്നാലെ യുവജനസംഘടനയായ യൂത്ത് ഫ്രണ്ടും കഴിഞ്ഞ ദിവസം പിളര്‍ന്നിരുന്നു. സംഘടനയുടെ നാല്പത്തിയൊമ്പതാം ജന്മദിനാഘോഷം ഇരുവിഭാഗവും വെവ്വേറെയാണ് ആഘോഷിച്ചത്. 

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ സമയത്തും നിലപാട് അറിയിക്കാതിരുന്ന സംസ്ഥാന അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍ ജോസഫ് വിഭാഗത്തോടൊപ്പം ചേര്‍ന്നതോടെയാണ് യൂത്ത് ഫ്രണ്ട് രണ്ടായത്. ഔദ്യോഗിക വിഭാഗത്തിന്‍റെ പിന്തുണ തങ്ങള്‍ക്കെന്ന് ജോസഫ് വിഭാഗം അവകാശപ്പെടുന്നു. ജനപിന്തുണ ജോസ് കെ മാണി വിഭാഗത്തിനൊപ്പമാണെന്ന് മുതിര്‍ന്ന നേതാവ് സി എഫ് തോമസും പ്രതികരിച്ചിരുന്നു.