'വിരൽ കാട്ടുപന്നി കടിച്ചുമുറിച്ച് കൊണ്ടുപോയി, ഭർത്താവ് കിടപ്പുരോഗി, ഇനി എങ്ങനെ ജീവിതം?' കണ്ണീരോടെ സുലോചന
വിറക് ശേഖരിക്കാൻ തൊട്ടടുത്ത പറമ്പിലേക്ക് പോയതാണ്. പെട്ടെന്നാണ് പന്നിയുടെ ആക്രമണമുണ്ടായത്

പാലക്കാട്: മണ്ണാർക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ. വിറകു ശേഖരിക്കാൻ പോയ സ്ത്രീയുടെ കൈവിരൽ കാട്ടുപന്നി കടിച്ചു മുറിച്ചതോടെ ഏറെ ഭീതിയിലാണ് പ്രദേശവാസികൾ.
"വേറൊരു സ്ത്രീ ഉണ്ടായിരുന്നു എനിക്കൊപ്പം. അവരെ കുത്തിമറിച്ചിട്ടു. എന്നിട്ട് നേരെ എന്‍റെയടുത്തേക്ക് വന്നു. തടയാന്‍ നോക്കിയപ്പോള്‍ എന്‍റെ കൈ അതിന്‍റെ വായില്‍ത്തട്ടി. വിരല്‍ കടിച്ചുകൊണ്ടുപോയി"- സുലോചന പറഞ്ഞു.
കിടപ്പു രോഗിയായ ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമാണ് സുലോചന. വിറക് ശേഖരിക്കാൻ തൊട്ടടുത്ത പറമ്പിലേക്ക് പോയതാണ്. പെട്ടെന്നാണ് പന്നിയുടെ ആക്രമണം. തൊഴിലുറപ്പ് ജോലിക്ക് പോയി കുടുംബം പോറ്റിയിരുന്ന സുലോചനയ്ക്ക് ഇനി എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടു പോകുമെന്നറിയില്ല. തുടർ ചികിത്സ എന്താകുമെന്നും അറിയില്ല.
പെരിമ്പടാരി കാഞ്ഞിരം മേഖലയിലെ നാട്ടുകാർക്ക് പകൽ സമയത്ത് പോലും വീടിന് പുറത്തിറങ്ങാൻ ഭയമാണ്. ഏതു നിമിഷവും കാട്ടുപന്നിയുടെ മുന്നിൽ പെടാം. കാട്ടുപന്നികളെ തുരത്താൻ വനം വകുപ്പിന്‍റെ സജീവ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആലപ്പുഴയിലെ ചെങ്ങന്നൂരിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഏക്കർ കണക്കിന് കാർഷിക വിളകളാണ് കൂട്ടത്തോടെ എത്തുന്ന പന്നികൾ നശിപ്പിക്കുന്നത്. പലപ്പോഴും ജനങ്ങൾക്ക് നേരെയും പന്നികളുടെ ആക്രമണം ഉണ്ടായിട്ടും ശാശ്വത പരിഹാരം കാണാന്‍ അധികൃത തയ്യാറാകാത്തതില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.
ചെങ്ങന്നൂരിലെ മലയോര പ്രദേശങ്ങളായ മുളക്കുഴ, കൊഴുവല്ലൂർ, ഉള്ളന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷം. രാത്രിയിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുളക്കുഴ സ്വദേശികളായ രവി, ഗോപാലകൃഷ്ണൻ നായർ എന്നിവരുടെ ഏക്കർ കണക്കിന് കാർഷിക വിളകള്‍ പന്നികൾ നശിപ്പിച്ചു. വാഴ, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയ വിളകളാണ് ഇവിടെ കൃഷി ഇറക്കിയിരുന്നത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചെന്ന് കർഷകർ പറയുന്നു.