Asianet News MalayalamAsianet News Malayalam

അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവത്തിൽ അന്വേഷണം; ഹാജരാകാൻ ബസ് ജീവനക്കാർക്ക് ആ‍ർടിഒയുടെ നിർദേശം

അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പട്ടാമ്പി ജോയിന്റ് ആർടിഒയ്ക്ക് നിർദേശം

Woman stopped speeding bus, Motor Vehicle department to enquire
Author
First Published Sep 6, 2022, 10:47 AM IST

പാലക്കാട്: കൂറ്റനാട് ചാലിശ്ശേരിയിൽ അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പാലക്കാട് ആ‍ർടിഒ വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പട്ടാമ്പി ജോയിന്റ് ആർടിഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാരോട് ഹാജരാകാൻ ആവശ്യപ്പെട്ടതായും ആർടിഒ അറിയിച്ചു. ബസ് ജീവനക്കാരുടെ വിശദീകരണം കിട്ടിയ ശേഷമാകും തുടർ നടപടി. 'രാജപ്രഭ' ബസുകളിൽ നിന്ന് നേരത്തേയും മൂന്നോ നാലോ തവണ സമാന അനുഭവം ഉണ്ടായതായി യുവതി വ്യക്തമാക്കിയിരുന്നു. വളവുകളിൽ പോലും ബസ് അമിത വേഗത്തിലാണ് കടന്നുപോകാറുള്ളതെന്ന് നാട്ടുകാരിൽ ചിലരും പറഞ്ഞിരുന്നു. ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് തെളിഞ്ഞാൽ നടപടിയുമായി മുന്നോട്ടു പോകാനാണ് മോട്ടാർ വാഹന വകുപ്പിന്റെ തീരുമാനം. 

പാഞ്ഞെത്തിയ ബസിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒറ്റയ്ക്ക് പിന്തുടർന്ന് ബസിനെ തടഞ്ഞിട്ട് യുവതിയുടെ ധീരത

ഇന്ന് രാവിലെയാണ് കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് സ്കൂട്ടർ യാത്രക്കാരിയായ യുവതി പിന്തുടർന്ന് തടഞ്ഞിട്ടത്. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായ‍ൂ‍ർ റൂട്ടിൽ മരണയോട്ടം നടത്തി സർവീസ് നടത്തിയ രാജപ്രഭ ബസ് തടഞ്ഞിട്ടത്. രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടിൽ കടന്നു പോകുകയായിരുന്നു. എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവർ നടത്തിയ അതിക്രമം മൂലം ചാലിലേക്ക് സാന്ദ്രയ്ക്ക് വാഹനം ഇറക്കേണ്ടി വന്നു. വാഹനം ഒതുക്കിയെങ്കിലും, തുടർന്ന് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു.  

 

Follow Us:
Download App:
  • android
  • ios