കുതിച്ചു ചാടി വരുന്നത് കണ്ടാല്‍ അല്‍പം പേടി തോന്നാം. എന്നാല്‍ മുത്തു ആരെയും ഒന്നും ചെയ്യാറില്ലെന്ന് രാധ പറയുന്നു. കുട്ടികള്‍ക്കൊപ്പം കുളത്തില്‍ ചാടി കളിച്ചും, മൈതാനങ്ങളിലൂടെയും പറമ്പിലൂടെയും ഓടിയും എല്ലാവരോടും ഇഷ്ടവും കുസൃതിയും കാണിച്ചുമെല്ലാം മുത്തു ഇവരുടെ ജീവനായി മാറിയിരിക്കുകയാണ്.
കല്‍പറ്റ: വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. മനുഷ്യനും വന്യജീവികളും തമ്മില്‍ സ്വരച്ചേര്‍ച്ചയോടെ പോകാത്ത അന്തരീക്ഷം. എന്നാലീ പ്രതികൂലാവസ്ഥയിലും വന്യമൃഗങ്ങളുമായി ചങ്ങാത്തം കൂടുന്ന മനുഷ്യരുണ്ട്. ഒരുപക്ഷേ മറ്റ് മനുഷ്യരെക്കാളെല്ലാം ഈ മൃഗങ്ങളെ വിലമതിക്കുന്നവര്‍.
ഇത്തരത്തിലൊരാളാണ് വയനാട് പൂതാടിയിലെ രാധ. കടുവ ഓടിച്ചിട്ട് കുഴിയിലകപ്പെട്ടുപോയ കാട്ടുപന്നിയെ എടുത്ത് വളര്‍ത്തിയ ആളാണ് രാധ. ഒരു വര്‍ഷത്തിലധികമായി ഇവര്‍ 'മുത്തു' എന്ന് വിളിക്കുന്ന കാട്ടുപന്നി ഇവിടെയുണ്ട്, ഇവര്‍ക്കൊപ്പം. രാധ മാത്രമല്ല ഭര്‍ത്താവ് കുട്ടനും മക്കളുമെല്ലാം മുത്തുവിനെ ഏറെ സ്നേഹിക്കുന്നവരാണ്.
ആ രാത്രി രാധയും വീട്ടുകാരും മറക്കില്ല. കടുവ ഓടിച്ചിട്ട് കുഴിയിലായിപ്പോയ പന്നിയെ ഇവര്‍ രാത്രി തന്നെ പോയി രക്ഷപ്പെടുത്തി. വല്ലാതെ അവശനായിരുന്നു അന്ന് അവൻ. പക്ഷേ പിറ്റേ ദിവസമായപ്പോള്‍ തന്നെ പാലൊക്കെ കുടിച്ച് ഉഷാറായി. പിന്നെ പതിയെ എല്ലാവരോടും ഇണങ്ങിവന്നു മുത്തു.
ആദ്യമൊക്കെ ജോലിക്ക് പോകുമ്പോള്‍ കൂടെ കൊണ്ടുപോകുമായിരുന്നുവത്രേ. കുറച്ചുകൂടി മുതിര്‍ന്നതോടെ ഇടയ്ക്ക് മാത്രമാക്കി ഇത്.
ഇപ്പോള്‍ വീട്ടിലുള്ള മറ്റുള്ളവരും, അയല്‍ക്കാരും, ആ ഗ്രാമത്തിലുള്ളവരുമെല്ലാം തന്നെ മുത്തുവിന്‍റെ ഇഷ്ടക്കാരാണ്. പോരാത്തതിന് വീട്ടിലുള്ള നായ്ക്കളും. കുതിച്ചു ചാടി വരുന്നത് കണ്ടാല്‍ അല്‍പം പേടി തോന്നാം. എന്നാല്‍ മുത്തു ആരെയും ഒന്നും ചെയ്യാറില്ലെന്ന് രാധ പറയുന്നു. കുട്ടികള്‍ക്കൊപ്പം കുളത്തില്‍ ചാടി കളിച്ചും, മൈതാനങ്ങളിലൂടെയും പറമ്പിലൂടെയും ഓടിയും എല്ലാവരോടും ഇഷ്ടവും കുസൃതിയും കാണിച്ചുമെല്ലാം മുത്തു ഇവരുടെ ജീവനായി മാറിയിരിക്കുകയാണ്.
രാവിലെ എഴുന്നേറ്റാല്‍ ആള്‍ക്ക് ചായ വേണം. ബിസ്കറ്റും. തന്നെ കണ്ടില്ലെങ്കില്‍ വാശി പിടിച്ച് കുഞ്ഞുങ്ങളെ പോലെ കരയുമെന്ന് രാധ. അമ്മയ്ക്ക് മുത്തുവിനോടാണ് ഇഷ്ടമെന്ന് മകള്‍ പോലും പരാതി പറയാറുണ്ടത്രേ.
കാട്ടിലെ മൃഗങ്ങളെ നമ്മളങ്ങോട്ട് ഉപദ്രവിക്കാതിരുന്നാല്‍ നമുക്ക് സുരക്ഷിതമായി കാട്ടിലെവിടെയും ജീവിക്കാമെന്നാണ് രാധയുടെ പക്ഷം. അതേ നിയമവും ധര്‍മ്മവും തന്നെയാകാം രാധയെ മുത്തുവിനോട് അടുപ്പിച്ചതും.
വാര്‍ത്തയുടെ വീഡിയോ...
വാര്‍ത്തയുടെ വീഡിയോ...

