മലമ്പുഴ: കാനായി കുഞ്ഞിരാമന്റെ 'മലമ്പുഴ യക്ഷി' എന്ന ശില്‍പ്പത്തിന് മോഡലായ നഫീസ വിടവാങ്ങി. അര്‍ഹിച്ച അംഗീകാരം നേടാതെയാണ് കേരളത്തിന്റെ അഭിമാനമായ യക്ഷിയുടെ മോഡല്‍ വിടവാങ്ങുന്നത്. ബുധനാഴ്ചയായിരുന്നു അന്ത്യം. ശില്‍പ്പ നിര്‍മ്മാണത്തിന് കാനായിയെ സഹായിക്കാന്‍ ജലസേചന വകുപ്പ് നിയോഗിച്ച അഞ്ച് പേരില്‍ ഒരാളായാരുന്നു നഫീസ. 

1967 മുതല്‍ രണ്ടുവര്‍ഷംകൊണ്ടാണ് യക്ഷി പൂര്‍ത്തിയാക്കിയത്. മലമ്പുഴ ഡാമിനരികില്‍ 30 അടി ഉയരത്തിലാണ് ശില്‍പ്പം നിര്‍മ്മിച്ചത്. നഗ്നയായ യക്ഷി മലമ്പുഴ ഉദ്യാനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. യക്ഷിയുടെ കാലിന്റെ ഭാഗത്തിനാണ് നഫീസ മോഡലായത്. മുകള്‍ഭാഗം ഒരു വിദേശ വനിതയുടെ നഗ്ന ചിത്രം കണ്ടാണ് കാനായി പൂര്‍ത്തിയാക്കിയത്. 

യക്ഷിയുടെ സുവര്‍ണജൂബിലി  ആഘോഷം 2019 ല്‍ നടന്നപ്പോള്‍ കാനായി ആശുപത്രിയിലെത്തി നഫീസയെ കണ്ടിരുന്നു. നഫീസയ്ക്ക് ആദരവായാണ് കാനായി അവരെ ആശുപത്രിയിലെത്തി കണ്ടത്. എന്നാല്‍ ശില്‍പ്പം യാഥാര്‍ത്ഥ്യമാകാന്‍ സഹായിച്ച നഫീസയെയും മറ്റ് നാല് പേരെയും സര്‍ക്കാരും ലളിതകലാ അക്കാദമിയും അവഗണിച്ചുവെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു.