കൊച്ചി: കോലഞ്ചേരിയിൽ 75കാരിയെ ബലാത്സം​ഗം ചെയ്ത സംഭവം ദാരുണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. കേസ് അന്വേഷണത്തിൽ ഒരു വിധത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. വൃദ്ധയുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു.

ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈൻ‌. പ്രതികൾ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ നൽകണം. പൊലീസ് പക്ഷപാതം ആയ നിലപാട് എടുത്താൽ അവർക്ക് എതിരെ നടപടി ഉണ്ടാകും. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒരു സ്ത്രീ അടക്കം മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. പ്രതികൾ മാർക്സിസ്റ്റുകാരായാലും ശക്തമായ നടപടി ഉണ്ടാകുമെന്നും ജോസഫൈൻ പ്രതികരിച്ചു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഇന്നലെയാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം. ശരീരത്തിൽ പലയിടത്തും മുറിവേറ്റിരുന്നു. ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം  കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഇവരുടെ ആരോ​ഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു.