പത്തനംതിട്ട: കന്യാസ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ സാമൂവൽ കൂടലിനെതിരെ വനിത കമ്മീഷൻ കേസെടുത്തു. ഇയാൾക്കെതിരെ നൂറിലധികം പരാതികളാണ് വനിത കമ്മീഷന് കിട്ടിയത്. വിജയ് പി നായർക്കെതിരായ പരാതികൾക്ക് സമാനമാണ് സാമൂവൽ കൂടലിനെതിരായ ആരോപണങ്ങളും. പത്തനംതിട്ട കൂടൽ സ്വദേശിയായ സാമുവൽ യൂട്യൂബ് ചാനൽ വഴിയും ഫേസ്ബുക്കിലൂടെയും കന്യാസ്ത്രീകളെയും വൈദികരേയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് പരാതി. 

ഇയാൾക്കെതിരെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 139 പരാതികളാണ് ഇതുവരെ കിട്ടിയത്. എല്ലാ പരാതികളുടേയും ഉള്ളടക്കം ഒന്നാണ്. ആദ്യമായാണ് ഒരാൾക്കെതിരെ വനിത കമ്മീഷന്‍റെ മുന്നിൽ ഇത്രയും പരാതികൾ വരുന്നത്. ഈ മാസം അഞ്ചാം തീയതി ചേരുന്ന വനിത കമ്മീഷന്‍റെ കമ്മിറ്റിയിൽ പരാതി പരിഗണിക്കും. വിജയ് പി നായർക്കെതിരായ നടപടികൾ ഇയാൾക്കെതിരെയും സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.