തിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനത്തില്‍ വിഎസ്എസ്സി വനിത കൂട്ടായ്മ പരിപാടി സംഘടിപ്പിച്ചു. നേതൃനിരയില്‍ സ്ത്രീകള്‍: കൊവിഡ് 19 ലോകത്ത് സമത്വമുള്ള ഭാവി കൈവരിക്കല്‍ എന്ന തീമിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. പത്മഭൂഷണ്‍ നേടിയ ഗായിക കെഎസ് ചിത്രയെ ചടങ്ങില്‍ ആദരിച്ചു. 

ഈ വനിത ദിനം കൊവിഡ് 19നോട് പോരാടുന്ന വനിത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതായി ആദരവ് ഏറ്റുവാങ്ങിയ പത്മഭൂഷണ്‍ ജേതാവ് കെഎസ് ചിത്ര അറിയിച്ചു. ചടങ്ങില്‍ തിരുവനന്തപുരം ജില്ല കലക്ടര്‍ ഡോ. നവജ്യോത് ഖോസ മുഖ്യപ്രഭാഷണം നടത്തി.  

സമൂഹത്തിലെ താഴെക്കിടയിലുള്ള സ്ത്രീകളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂവണിയുമ്പോഴാണ് യഥാര്‍ത്ഥ വനിത ദിന ആഘോഷം പൂര്‍ണ്ണമാകുന്നത് എന്ന് തന്‍റെ മുഖ്യപ്രഭാഷണത്തില്‍ തിരുവനന്തപുരം ജില്ല കലക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു.

വിഎസ്എസ്സി ഡയറക്ടര്‍ എസ്.സോമനാഥ്, ഡോ.ശ്യാം ദയാല്‍ ദേവ്, ഡോ.എസ്.സി ശര്‍മ്മ, ഡോ.ബിജു ജേക്കബ്, ശ്രീമതി അതുല ദേവി, ഡോ. എസ് ഗീത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച് വിഎസ്എസ്ഇ, ഐഐഎസ്യു എന്നിവിടങ്ങളിലെ വനിത ജീവനക്കാരുടെ സാങ്കേതികവും ക്രിയാത്മകവുമായ നേട്ടങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.